സലാലയിലെ ആദ്യ കാർ ഫാക്ടറി സാമ്പത്തിക-സാങ്കേതിക സാധ്യതാ പഠനത്തിന് കരാർ ഒപ്പിട്ടു
text_fieldsസലാലയിൽ ആദ്യ കാർ ഫാക്ടറി നിർമിക്കുന്നതിന് മുന്നോടിയായുള്ള സാധ്യതാപഠനത്തിന് കരാർ ഒപ്പിടുന്ന ചടങ്ങിൽനിന്ന്
സലാല: സലാലയിൽ ആദ്യ കാർ ഫാക്ടറി നിർമിക്കുന്നതിന് മുന്നോടിയായുള്ള സാമ്പത്തിക-സാങ്കേതിക പഠനത്തിന് ധാരണയായി. സലാല വിലായത്തിലെ ഫ്രീ സോണിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കാർ ഫാക്ടറി പദ്ധതി സംബന്ധിച്ച സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാപഠനത്തിനായാണ് തിങ്കളാഴ്ച ധാരണപത്രം ഒപ്പുവെച്ചത്.
സലാല ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സലാല ഗ്ലോബൽ സിറ്റി കമ്പനിയും ചൈനീസ് സ്ഥാപനമായ ജിയാങ്സു ചാങ്ഹോങ് ഇന്റലിജന്റ് എക്വിപ്പ്മെന്റ് കമ്പനിയുമാണ് ധാരണയിൽ പങ്കാളികളായത്. കാർ ഉൽപാദനം, അസംബ്ലി ലൈൻ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ ചാങ്ഹോങ് കമ്പനിയുമായുള്ള ഈ സഹകരണം സലാലയിലെ നിക്ഷേപ മേഖലിലുള്ള അന്തർദേശീയ സ്ഥാപനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മികച്ച അടിസ്ഥാനസൗകര്യങ്ങൾ, തുറമുഖങ്ങളുമായി ബന്ധമുള്ള തന്ത്രപ്രധാനമായ പ്രദേശം, പ്രാദേശികവും ആഗോളവുമായ വിപണികളിലേക്കുള്ള സൗകര്യങ്ങൾ, വിവിധ വ്യവസായ മേഖലകളിലേക്കുള്ള ആകർഷക പ്രോത്സാഹനങ്ങൾ എന്നിവയാണ് സലാലയെ നിക്ഷേപകേന്ദ്രമാക്കുന്നതെന്ന് ധാരണപത്രത്തിൽ ചൂണ്ടിക്കാട്ടി.
ചൈനയിലെ പ്രമുഖ വ്യവസായ ഉപകരണങ്ങളും കാർ ഉൽപാദനവുമായി ബന്ധപ്പെട്ട രൂപകൽപനയും നിർവഹിക്കുന്ന ജിയാങ്സു ചാങ്ഹോങ് ഇന്റലിജന്റ് എക്വിപ്പ്മെന്റ്, ‘ബി.എം.ഡബ്ലിയു, ഫോക്സ്വാഗൺ, ജാഗ്വർ ലാൻഡ് റോവർ, ഫോർഡ്, ബിവൈഡി തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളുമായി ദീർഘകാല സഹകരണ പാരമ്പര്യമുള്ള സ്ഥാപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

