സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നു
text_fieldsപബ്ലിക് പ്രോസിക്യൂഷന്റെ വാർഷിക അവലോകന യോഗത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ സാധാരണ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്നത് തൊഴിൽ നിയമ ലംഘനങ്ങളാണെന്ന് സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പബ്ലിക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റ് നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 12,407 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെക്കുകൾ മടങ്ങുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 9,699 കേസുകളുമായി രണ്ടാം സ്ഥാനത്തെത്തി.
വിദേശികളുടെ താമസ നിയമ ലംഘനങ്ങളിൽ 9,154 കേസുകളാണ്. വഞ്ചന, മോഷണം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങൾ യഥാക്രമം 5,343 ഉം 4,002 ഉം കേസുകളുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി ഒരു സമർപ്പിത സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂട്ടർ നാസർ ബിൻ ഖാമിസ് അൽ സവായ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്ന പല പോസ്റ്റുകളും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വ്യാജ വാർത്തകളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് രീതിയിൽ കൈകാര്യം ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇ-സർവിസസ് പോർട്ടൽ വഴി 45,538 കേസുകൾ ലഭിച്ചു. മുൻ വർഷത്തേക്കാൾ 24 ശതമാനം വർധനവാണിത്. പുറപ്പെടുവിച്ച മൊത്തം ജുഡീഷ്യൽ ഉത്തരവുകളുടെ എണ്ണവും 261,650 ആയി. 83,305 അന്വേഷണ റിപ്പോർട്ടുകളും തയ്യാറാക്കി. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മസ്കത്ത് ഗവർണറേറ്റിലാണ്-20,852. 7,500 കേസുകളുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. ദോഫാറിൽ 4,457 കേസുകളും രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷത്തെ ആകെ പ്രതികളുടെ എണ്ണം 58,858 ആയിരുന്നു. ഇതിൽ 89.2 ശതമാനം പുരുഷന്മാരാണ്. പ്രതികളിൽ 46.8 ശതമാനം വിദേശികളായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്ത കേസുകളുടെ എണ്ണം 22.5 ശതമാനം വർധിച്ചു. ഇതിൽ 43,957 കുറ്റകൃത്യങ്ങളും 2,281 കൊടിയ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.
ബിദിയയിലെ കൊലപാതകം: ഇന്ത്യൻ പൗരന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നു
മസ്കത്ത്: ബിദിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട നാല് പ്രതികളിൽ ഒരാളായ ഇന്ത്യൻ പൗരന്റെ വിചാരണകൾ രാജ്യത്ത് നടന്നുകൊണ്ടരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നാസർ ബിൻ ഖാമിസ് അൽ സവായ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരോടുള്ള ചോദ്യത്തിനുള്ള മറുപടയിലാണ് കേസിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അദേഹം വ്യക്തമാക്കിയത്. കേസിൽ നാല് പ്രതികളാണുണ്ടായിരുന്നത്. ഇന്ത്യയിലേക്ക് കടന്ന പ്രതികളെ ആദ്യ ഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിൽ മൂന്നുപേർ കോവിഡുമായി ബന്ധപ്പെട്ടുള്ള സങ്കീർണതകൾ കാരണം മരണപ്പെടുകയായിരുന്നു എന്നതാണ് ഇന്ത്യൻ അധികൃതർ സുൽത്താനേറ്റിനെ അറിയിച്ചിരുക്കുന്നത്.
പ്രതികളിൽ ജീവിച്ചിരിപ്പുള്ള മുജിബുല്ല മുഹമ്മദ് ഹനീഫിനെ കോടതി ഉത്തരവിനെ തുടർന്ന് 2024 ജനുവരി 24ന് ഒമാനിന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിചാരണ നടപടിക്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒമാനും ഇന്ത്യയും തമ്മിൽ ഔപചാരികമായ കുറ്റവാളി കൈമാറ്റ കരാറൊന്നുമില്ലെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം കണക്കിലെടുത്താണ് ഹനീഫിനെ കൈമാറാൻ തീരുമാനിച്ചതെന്ന് നാസർ ബിൻ ഖാമിസ് അൽ സവായ് കഴിഞ്ഞ വർഷം വിശദീകരിച്ചിരുന്നു.
2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഒമാനിൽ നടക്കുന്നത്. ഒമാനി പൗരനെ ഭാര്യക്കും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കുമൊപ്പം ബിദിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കത്തിയും ചുറ്റികയും ഉപയോഗിച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. രണ്ട് ദിവസമെടുത്താണ് ബന്ധുക്കൾ എന്താണ് സംഭവിച്ചതെന്നും മറ്റു വിവരങ്ങളും നൽകിയത്. അപ്പോഴേക്കും പ്രതികൾ ഒമാനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവ സമയത്ത് ഒമാനിലെ ബിദിയയിലായിരുന്നു ഒന്നാം പ്രതിയായ മുഹമ്മദ് ഹനീഫ് ജോലി ചെയ്തിരുന്നത്.
ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 302 എ പ്രകാരം ശിക്ഷാർഹമായ ‘ആസൂത്രിത കൊലപാതക കുറ്റം’ ചെയ്തതായി ആരോപിച്ച് ഇദ്ദേഹത്തെ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉടമ്പടി പ്രകാരം കൊലപാതകം കൈമാറാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ജസ്റ്റിസ് അമിത് ബൻസാൽ 2023 നവംബറിൽ ശരിവെക്കുകയായിരുന്നു.
കുട്ടികൾക്കെതിരെയുള്ളകുറ്റകൃത്യങ്ങൾ വർധിക്കുന്നു
മസ്കത്ത്: കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പബ്ലിക് പ്രൊസിക്യൂഷന്. കഴിഞ്ഞ വർഷം 1,325 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പീഡനം, അസഭ്യമായ ആക്രമണം, ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തുക, പ്രായപൂർത്തിയാകാത്തവരെ കുറ്റകൃത്യങ്ങൾക്ക് വിധേയമാക്കുക എന്നിവ ഉൾപ്പെടുന്നു.
2024ൽ കുട്ടികളെ ദുരുപയോഗം ചെയ്ത കേസുകൾ 399 ആയിരുന്നു. അതിൽ പീഡനവും അസഭ്യമായ പെരുമാറ്റങ്ങളും ഉൾപ്പെടുന്നു. കുട്ടികൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തിയതിന് 366 കേസുകളും കുറ്റകൃത്യങ്ങൾക്ക് വിധേയമാക്കിയതിന് 174 കേസുകളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സാമൂഹിക ക്ഷേമ വകുപ്പ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. . 1100 എന്നതാണ് ഹോട്ട്ലൈന്‍ നമ്പര്‍. മന്ത്രാലയത്തിന് കീഴില്‍ പ്രത്യേകം ജീവനക്കാരെ നിയമിച്ചാണ് ഹോട്ട്ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒമാന്റെ മുഴുവന്‍ ഭാഗങ്ങളിലും ഹോട്ട്ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.