ഖരീഫ്; പരിശോധന ശക്തം
text_fieldsഖരീഫ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധനകൾ
നടത്തുന്നു
മസ്കത്ത്: ഖരീഫ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശോധനകൾ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഈ വർഷത്തെ ആദ്യ പകുതിയിൽ മാർക്കറ്റുകളിലായി ആകെ 19,582 പരിശോധന സന്ദർശനങ്ങൾ നടത്തിയതായി ഡയറക്ടറേറ്റിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. തായ് ബിൻ സലേം അൽ ജാനിബി പറഞ്ഞു.
ന്യായവും സുരക്ഷിതവുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി രൂപകൽപന ചെയ്ത സമഗ്രമായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വിവിധ വാണിജ്യ സ്ഥാപനങ്ങൾക്കായി 14,317 നിരീക്ഷണ സന്ദർശനങ്ങളും നടത്തി.
ഇതേ കാലയളവിൽ ഡയറക്ടറേറ്റിന് 555 പരാതികൾ ലഭിച്ചു. ഇതിൽ 97 ശതമാനത്തിനും പരിഹാരം കാണാനായെന്നും ഡോ. അൽ ജാനിബി അഭിപ്രായപ്പെട്ടു. 214 റിപ്പോർട്ടുകളോടും പ്രതികരിച്ചു. ഇത് അതോറിറ്റിക്കും പൊതുജനങ്ങൾക്കും ഇടയിലുള്ള ആശയവിനിമയ ചാനലുകളുടെ വേഗത്തിലുള്ള പ്രതികരണവും ഫലപ്രാപ്തിയും ആണ് പ്രതിഫലിപ്പിക്കുന്നത്.
വിവിധ പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ഏകോപനവും സംയോജനവും വർധിപ്പിക്കാനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണം വളർത്തിയെടുക്കുന്നതിലൂടെയും നിയന്ത്രണ, അവബോധ ശ്രമങ്ങൾ ഏകീകരിക്കുന്നതിലൂടെയും, ടൂറിസ്റ്റ് സീസണിന്റെ വിജയം ഉറപ്പാക്കുകയും ദോഫാർ ഗവർണറേറ്റിലെ സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം പ്രദാനം ചെയ്യുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

