മസ്കത്ത് എക്സ്പ്രസ് വേ വികസനം; മേൽനോട്ടം വഹിക്കാൻ കൺസൾട്ടന്റുമാരെ ക്ഷണിച്ചു
text_fieldsമസ്കത്ത് എക്സ്പ്രസ്വേ
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ്വേ വീതികൂട്ടൽ പദ്ധതിയുടെ നിർമാണ മേൽനോട്ടത്തിനായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കൺസൾട്ടൻസി സേവനങ്ങളെ ക്ഷണിച്ചു. പത്താം പഞ്ചവത്സര വികസന പദ്ധതിയിൽ (2021-2025) ചേർത്ത അധിക പദ്ധതികളുടെ പട്ടികയിൽ റോഡ് പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, മസ്കത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷമാണ് മസ്കത്ത് എക്സ്പ്രസ്വേയുടെ വികസനം പ്രഖ്യാപിച്ചത്.
ഇരുവശത്തും മൂന്നു വരികൾ വീതം കൂട്ടിച്ചേർക്കുന്നതിനുള്ള ടെൻഡർ ആയിരുന്നു ക്ഷണിച്ചിരുന്നത്. ഇപ്പോൾ പദ്ധതി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഏറ്റെടുത്തു. ടെൻഡർ രേഖകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ബിഡ് ഏപ്രിൽ 20ന് തുറക്കും. ഖുറം ഏരിയയിലെ നിലവിലുള്ള റൗണ്ട്എബൗട്ടുകളുടെ പരിഷ്കരണം, നിലവിലുള്ള പാതകളുടെ വിപുലീകരണം, നിലവിലുള്ള പാലങ്ങളുടെ പ്രവേശന കവാടങ്ങളുടെയും എക്സിറ്റുകളുടെയും പരിഷ്കരണം, ഇന്റർചേഞ്ചുകളും അനുബന്ധ സേവനങ്ങളും, ഹോട്ട് സ്പോട്ടുകളും, തടസ്സ പ്രദേശങ്ങളും എന്നിവ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
അൽ ഖുറം, ഹൽബൻ ഇന്റർചേഞ്ചുകൾക്കിടയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. തുടർന്ന് ബാത്തിന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗത കുരുക്ക് കുറക്കുന്നതിനും എക്സ്പ്രസ് വേയുടെ വികസന പ്രവർത്തനങ്ങൾ അനിവാര്യമാണ്. റോഡ് തുറന്ന് കൊടുത്ത് 13 വർഷങ്ങൾക്ക് ശേഷമാണ് എക്സ്പ്രസ് വേ വികസിപ്പിക്കുന്നത്. മേഖലയിലെ ഗതാഗത ശൃംഖലയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ ദിശയിലേക്കും ആറുവരിയായി വികസിപ്പിക്കൽ, നിലവിലുള്ള പാലങ്ങളുടെ വിപുലീകരണം, ഇന്റർസെക്ഷനുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഓവുചാലുകൾ, പർവത ചരിവുകളുടെ സംരക്ഷണ പ്രവൃത്തികൾ, നടപ്പാത, പരിസ്ഥിതി സൗഹൃദ ലൈറ്റിങ്ങുകൾ തുടങ്ങിയവ വികസന പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. ആകെ 54 കിലോമീറ്റർ നീളമാണ് മസ്കത്ത് എക്സ്പ്രസ് വേക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

