വാദി ബനീഖാലിദ്-തിവി റോഡ് നിർമാണത്തിന് തുടക്കം
text_fieldsവാദി ബനീഖാലിദ്-തിവി റോഡ്
നിർമാണം
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദിനെയും തെക്കൻ ശർഖിയ ഗവർണറേറ്റിലെ തിവിയെയും ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് നിർമാണത്തിന് തുടക്കമായി. പദ്ധതി പൂർത്തിയാകുന്നതോടെ ഈ രണ്ട് ഗ്രാമങ്ങളും തമ്മിലുള്ള ദൂരം 200 കിലോമീറ്ററായി കുറക്കാൻ കഴിയും. എട്ട് കിലോമീറ്ററിൽ നിർമിക്കുന്ന റോഡ് സമീപഗ്രാമങ്ങൾക്ക് ഉപകാരമാവും. ഗ്രാമങ്ങളിലെ ടൂറിസം മേഖലക്ക് പുതിയ വഴികൾ തുറക്കുമെന്നും കരുതുന്നു. കൂടാതെ മസ്കത്തിൽനിന്ന് വാദി ബനീഖാലിദിലെത്താൻ എടുക്കുന്ന സമയത്തിലും കുറവുവരും.
വാദി ബനീഖാലിദിലെ അൽഔദ് ഗ്രാമത്തിനും തിവിയിലെ നിയാബത്തിലെ ഹെലൗട്ട് ഗ്രാമത്തിനും ഇടയിലുള്ള പർവതപാത തെക്കു-വടക്ക് ശർഖിയ ഗവർണറേറ്റുകൾക്കിടയിൽ വിനോദസഞ്ചാരം സജീവമാക്കാൻ സഹായിക്കുമെന്ന് വാദി ബനീഖാലിദിലെ വാലി സെയ്ഫ് ബിൻ മുഹമ്മദ് അൽ ഗൈതി പറഞ്ഞു. ഈവർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ റോഡ് ദൂരം കുറക്കുക മാത്രമല്ല, സമീപഗ്രാമങ്ങളിലെ താമസക്കാരുടെ അഭിവൃദ്ധിയും വർധിപ്പിക്കും. വാദി ബനീഖാലിദിൽനിന്ന് തിവിയിലേക്ക് കാൽനടയായി സഞ്ചരിക്കാൻ ഇപ്പോൾ നാലു മണിക്കൂറിലധികമാണ് എടുക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭകരായ വാദി അൽ ജഹൽ ഹൈറ്റ്സ് ട്രേഡിങ്ങുമായാണ് പദ്ധതി കരാറിലെത്തിയിരിക്കുന്നതെന്ന് സെയ്ഫ് ബിൻ മുഹമ്മദ് അൽ ഗൈതി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഇവരുമായി കരാറിൽ എത്തിയത്. തിവിയിലെ മലനിരകളിലുൾപ്പെടെ കമ്പനി നിരവധി റോഡ് നിർമാണപദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വാദി അൽജഹൽ ഹൈറ്റ്സ് ട്രേഡിങ് ഉടമ സയീദ് ബിൻ ഹംദാൻ അൽ മുഖൈമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

