തിവി ബ്രേക്ക് വാട്ടർ പദ്ധതി നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന തിവി ബ്രേക്ക് വാട്ടർ പദ്ധതി
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റ് സൂർ വിലായത്തിലെ തിവിയിൽ ഒരുങ്ങുന്ന ബ്രേക്ക് വാട്ടർ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2.9 ദശലക്ഷം റിയാൽ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരദേശസമൂഹങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണിത്. 67 ശതമാനമാണ് പദ്ധതി പൂർത്തീകരണ നിരക്ക്.
മത്സ്യബന്ധനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബോട്ട് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഉയർന്ന തിരമാലകളിൽനിന്നും വേലിയേറ്റങ്ങളിൽനിന്നും തീരത്തെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. പദ്ധതിക്ക് വിപുലമായ സാമ്പത്തിക, സാമൂഹികനേട്ടങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തെക്കൻ ശർഖിയയിലെ ഫിഷറീസ് വകുപ്പ് ഡയറക്ടർ ഇസ്മായിൽ ബിൻ ഇബ്രാഹിം അൽ ഫാർസി പറഞ്ഞു.‘മത്സ്യബന്ധന പ്രവർത്തനങ്ങൾ സുഗമമാക്കുക, തൊഴിലവസരങ്ങളെ പിന്തുണക്കുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും പ്രത്യാഘാതങ്ങൾ കുറക്കുക എന്നിവയിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വികസനത്തിനും പുനരുജ്ജീവനത്തിനും ഇത് സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നവീകരിച്ച സൗകര്യങ്ങൾ കപ്പലുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും നാവിഗേഷൻ സുഗമമാക്കാനും ബോട്ട് മുങ്ങാനുള്ള സാധ്യത കുറക്കാനും സഹായിക്കും. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. 2024ൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ആദ്യ ഘട്ടത്തിൽ ഡിസൈൻ, സാങ്കേതികപഠനങ്ങൾ, സർവേകൾ, ത്രീഡി മോഡലിങ് വിശകലനം എന്നിവ ഉൾപ്പെടുന്നു. നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഘട്ടത്തിന് 11 മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
188 മീറ്റർ നീളമുള്ള വെസ്റ്റേൺ ബ്രേക്ക്വാട്ടറിന്റെ പുനരുദ്ധാരണം, പുതിയ 250 മീറ്റർ ബ്രേക്ക്വാട്ടറിന്റെ നിർമാണം, 3,700 കോൺക്രീറ്റ് യൂനിറ്റുകളുടെ നിർമാണം എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ 26,000 ചതുരശ്ര മീറ്ററിലധികം ഭൂമി തിരിച്ചുപിടിക്കുകയും തുറമുഖതടം 2.5 മീറ്റർ ആഴത്തിൽ ഡ്രഡ്ജ് ചെയ്യുകയും ചെയ്തു. തീരപ്രദേശത്ത് അഞ്ച് കിലോമീറ്റർ നീളത്തിൽ ബോട്ടുകളെ ആകർഷിക്കുന്നതിനും മത്സ്യശേഖരണകേന്ദ്രം, ഐസ് ഫാക്ടറി തുടങ്ങിയ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഫാർസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

