ദോഫാറിൽ സുൽത്താൻ ഖാബൂസ് ആശുപത്രി നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന ദോഫാർ ഗവർണറേറ്റിലെ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രി
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണം പുരാഗമിക്കുന്നു. 15.97 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. പുതിയ ആതുരാലയത്തിന് ഏഴു നിലകളിലായി 700 കിടക്കകളുടെ സൗകര്യമുണ്ടാകുമെന്ന് ദോഫാർ ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ മഷിഖി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ആശുപത്രിയുടെ നിർമാണം 2024ന്റെ അവസാനത്തോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പ്രധാന കെട്ടിടത്തിൽ അപകട-അത്യാഹിത വിഭാഗം, പുനരധിവാസം, കീമോതെറപ്പി, ഡയാലിസിസ് യൂനിറ്റ്, ഡേ ക്ലിനിക്കുകൾ, പീഡിയാട്രിക്, തീവ്രപരിചരണം എന്നീ വിഭാഗങ്ങൾ ഉണ്ടാകും. നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ കെട്ടിടത്തിലെ എല്ലാ ഡിപ്പാർട്മെന്റുകളും സ്പെഷ്യാലിറ്റികളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
എന്നാൽ, ചില വിഭാഗങ്ങളും മറ്റും നിലവിലെ കെട്ടിടത്തിൽതന്നെ തുടർന്നേക്കുമെന്ന് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ മഷിഖി പറഞ്ഞു.

