സലാല ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രി നിർമാണം പുരോഗമിക്കുന്നു
text_fieldsസലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി സന്ദർശിക്കുന്നു
മസ്കത്ത്: സലാലയിലെ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി ആശുപത്രി സന്ദർശിച്ചു. പദ്ധതിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിർമാണ പ്രവർത്തനങ്ങളും അദ്ദേഹം വീക്ഷിച്ചു. സലാലയിലെ നിലവിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ സ്പെഷലൈസ്ഡ് ക്ലിനിക്കുകളും അവയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും ആരോഗ്യമന്ത്രി പരിശോധിച്ചു.
പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഘടനപരമായ ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു നിലകളിലായി 1,00,000 ചതുരശ്ര മീറ്ററിലാണ് ആശുപത്രിയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 700 കിടക്കകളും ഉണ്ടാകും. ആശുപത്രിയിൽ വിവിധ മെഡിക്കൽ സ്പെഷാലിറ്റികളും ഒരുക്കും.
32 വകുപ്പുകളായിരിക്കും താഴത്തെ നിലയിൽ സജ്ജീകരിക്കുക. ഇൻപേഷ്യന്റ് വിഭാഗത്തിൽ നാല് ശസ്ത്രക്രിയ വാർഡുകൾ, നാല് ഇന്റേണൽ ഡിസീസ് വാർഡുകൾ, നാല് കുട്ടികളുടെ വാർഡുകൾ, മുതിർന്നവർക്കുള്ള തീവ്രപരിചരണ വിഭാഗത്തിൽ 31 കിടക്കകൾ, ഇന്റർമീഡിയറ്റ് തീവ്രപരിചരണ വിഭാഗത്തിൽ 16 കിടക്കകൾ, ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ 15 കിടക്കകൾ, നവജാത ശിശുക്കൾക്കും മാസം തികയാത്ത കുഞ്ഞുങ്ങൾക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ 38 കിടക്കകൾ എന്നിവയുമുണ്ടാകും. പൊള്ളലേറ്റ ചികിത്സാവിഭാഗത്തിൽ 12 കിടക്കകൾ, പ്രസവ വാർഡുകളിൽ 25 കിടക്കകൾ, അപകടം, എമർജൻസി, പുനർ-ഉത്തേജന യൂനിറ്റ്, ഡയാലിസിസ് യൂനിറ്റ് എന്നിവയിൽ 32 വീതം കിടക്കകൾ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

