സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി നിർമാണം അന്തിമഘട്ടത്തിൽ
text_fieldsനിർമാണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി
മസ്കത്ത്: ഒമാന്റെ ആരോഗ്യമേഖലക്ക് കരുത്തുപകർന്ന് മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരുങ്ങുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. ഇതിനകം 99 ശതമാനത്തോളം പൂർത്തിയായി. ഈ വർഷത്തിന്റെ അവസാനത്തിൽ ഉദ്ഘാടനം ചെയ്യാനാണ് അധികൃതർ ആലോചിക്കുന്നത്. സുൽത്താനേറ്റിലെ ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായാണ് ഈ ലബോറട്ടറിയെ കണക്കാക്കുന്നത്.
18,155 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 1,82,00,000 റിയാൽ ചെലവിലാണ് ഇത് ഒരുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഇവിടെയുണ്ടാകും. മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്മെന്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നിലവിലുള്ള എല്ലാ റഫറൻസ് പബ്ലിക് ഹെൽത്ത് ലബോറട്ടറികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ലബോറട്ടറീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ഹനാൻ ബിൻത് സലേം അൽ കിന്ദി പറഞ്ഞു.
ലബോറട്ടറികളുടെ ഡയഗ്നോസ്റ്റിക് കഴിവുകൾ വർധിപ്പിക്കുകയും പൊതുജനാരോഗ്യത്തിന്റെയും സുപ്രധാന ആരോഗ്യസുരക്ഷയുടെയും ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലബോറട്ടറിയുടെ പ്രധാന കെട്ടിടത്തിൽ മൂന്ന് നിലകളാണുണ്ടാകുക. ഒന്നാംനിലയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകളും 130 പേർക്ക് താമസിക്കാൻ കഴിയുന്ന ഹാളും സാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള ഒരിടവും ഉൾപ്പെടും.
വൈറസുകൾ, ബാക്ടീരിയകൾ, നവജാതശിശുപരിശോധനകൾ തുടങ്ങിയ മേഖലകളിലെ ലെവൽ രണ്ട് ലബോറട്ടറികൾക്കുപുറമെ ഉയർന്ന അപകടസാധ്യതയുള്ള സൂക്ഷ്മാണുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള രണ്ട് ബയോസേഫ്റ്റി ലെവൽ മൂന്ന് (ബി.എസ്.എൽ -3) ലബോറട്ടറികളും കെട്ടിടത്തിൽ ഉൾപ്പെടും.
കെട്ടിടത്തിൽ ഗുണനിലവാരത്തിനും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പ്, പബ്ലിക് ഹെൽത്ത് ലബോറട്ടറി കാര്യങ്ങൾ, റീജനൽ പോളിയോ റഫറൻസ് ലബോറട്ടറി, റീജനൽ മീസിൽസ് ആൻഡ് റുബെല്ല ലബോറട്ടറി, നാഷനൽ ഇൻഫ്ലുവൻസ ലബോറട്ടറി, കോവിഡ് ലബോറട്ടറി എന്നിവയുണ്ടാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

