മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്
text_fieldsസൂറിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ സംസാരിക്കുന്നു
സൂർ: കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി മസ്കത്തിൽ നടത്തിയ പ്രസ്താവനയിൽ ശക്തിയായി പ്രതിഷേധിച്ച് കോൺഗ്രസ്.
വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്നും മുൻ സർക്കാറുകളുടെ കെടുകാര്യസ്ഥത കേരളത്തെ പിന്നിലാക്കിയെന്നുമാണ് മസ്കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിന്റെ ഇദപര്യന്തമുള്ള എല്ലാ വികസനങ്ങളും സാധ്യമാക്കിയത് യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴാണെന്നും എല്ലാ വികസന പദ്ധതികളെയും തുരങ്കം വെക്കുകയെന്നതാണ് വികസനവിരോധികളായ സി.പി.എമ്മിന്റെ രീതിയെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ വിമർശിച്ചു. സ്വകാര്യ സന്ദർശനത്തിന്നായി സൂറിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
വിഴിഞ്ഞം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ, കൊച്ചി മെട്രോ തുടങ്ങിയ മറ്റെല്ലാ പദ്ധതികളെയും എതിർത്തവർ ഇപ്പോൾ വികസനങ്ങളുടെ അപ്പോസ്തലന്മാരാകുന്നത് കൗതുകരമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോക്കെതിരെ ഓട്ടോതൊഴിലാളികളെവരെ തെരുവിലിറക്കിയത് പോലെ നിരവധി കാര്യങ്ങൾ കേരളജനത മറന്നുകാണുമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് തുടങ്ങിവെച്ചതല്ലാതെ കഴിഞ്ഞ 10 വർഷങ്ങളായി കേരളത്തിലെന്തെങ്കിലും വൻകിട പ്രോജക്ടുകൾ ചൂണ്ടിക്കാണിക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു,
പി.എം ശ്രീ പദ്ധതി ഒപ്പിട്ടത് ബി.ജെ.പി, ആർ.എസ്.എസ്, ഹിന്ദുത്വ ശക്തികളുമായുള്ള സി.പി.എം ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്. സി.പി.എം വർഗരാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് പരകായപ്രവേശനത്തിന് നിർബന്ധിതമാകുന്നു. സ്വന്തം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായോ മന്ത്രിസഭാംഗങ്ങളോ ഘടക കക്ഷികളുമായോ ആലോചിക്കാതെയാണ് പി.എം ശ്രീ പദ്ധതിയിൽ സർക്കാർ അനുമതി അറിയിച്ചത്.
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനപ്പുറം തന്റെയും കുടുംബത്തിന്റെയും കേസുകളും ഗുലുമാലുകളും ഒതുക്കിത്തീർക്കുന്ന കരുതലുള്ള അച്ഛൻ എന്ന നിലയിലേക്ക് ചുരുങ്ങിപ്പോയി. പുറമെ ഹിന്ദുത്വശക്തികളെ എതിർക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും അവരുടെ അജണ്ടകൾ അവരെക്കാൾ കൃത്യമായി നടപ്പാക്കിക്കൊടുക്കുകയും ചെയ്യുന്ന പിണറായിയാണ് ഇന്ത്യയിൽ ആദ്യമായി സർവകലാശാലയിൽ സവർക്കറിന്റെ വിചാരധാര സിലബസിൽ ഉൾപ്പെടുത്തിയത്. മുൻ പിണറായി സർക്കാറിന്റെ കാലത്താണ് കണ്ണൂർ സർവകലാശാലയിലെ തലശേരി ബ്രണ്ണൻ കോളജിൽ എം.എ സിലബസിൽ പഠന വിഷയമാക്കിയത് യാദിച്ഛികമല്ല. പി.എം ശ്രീ, തൃശൂർ പൂരം കലക്കൽ തുടങ്ങി നിരവധി കാര്യങ്ങളിൽ അപമാനിതരായ സി.പി.ഐ അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ സി.പി.എമ്മിന്റെ അഭിനവ ഹിന്ദുത്വ ബാന്ധവത്തിൽ പ്രതിഷേധിച്ച് മുന്നണി വിടണമെന്നും ഷഫീർ അഭിപ്രായപ്പെട്ടു. കേരളത്തിൽ സി.പി.ഐയെ യു.ഡി.എഫ് പരിഗണിച്ചത് പോലെ ആരും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഘടകകക്ഷികളെ മാന്യമായി പരിഗണിച്ച ചരിത്രമേ യു.ഡി.എഫിനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

