മസ്കത്ത്: പെരുന്നാളിന് വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ബലിയർപ്പിക്കുന്നതു വഴി കോംഗോ പനി പടരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാർഷിക-ഫിഷറിസ് മന്ത്രാലയം അറിയിച്ചു. രോഗബാധിതനായ മൃഗത്തിെൻറ രക്തവും മാംസവുമായി സമ്പർക്കത്തിലേർപ്പെടുന്നത് രോഗം ബാധിക്കാൻ വഴിയൊരുക്കും.
തെറ്റായ രീതികളിൽ ബലിയർപ്പിക്കുന്നത് ഒഴിവാക്കി നഗരസഭയുടെ അറവുശാലകളെ ആശ്രയിക്കണമെന്ന് മന്ത്രാലയത്തിെൻറ അഗ്രികൾചർ ആൻഡ് ലൈവ് സ്റ്റോക്ക് റിസർച് ഡിപ്പാർട്മെൻറ് വക്താവ് പറഞ്ഞു. ശരിയായ രീതിയിൽ അല്ലാതെ അറുത്ത മൃഗത്തിെൻറ ഇറച്ചി കഴിക്കുന്നതും രോഗബാധക്ക് കാരണമാകും.
വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ശരീരത്തിലെ ചെള്ളുകളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ചെള്ള് കടിക്ക് പുറമെ രോഗബാധിതമായ മൃഗത്തിെൻറ രക്തം, ശരീര സ്രവങ്ങൾ, അവയവങ്ങൾ എന്നിവ സ്പർശിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം.
പനി, പേശീവേദന, ഓക്കാനം, ഛർദി, അടിവയർ വേദന, വയറിളക്കം, രക്തസ്രാവം എന്നിവയാണ് കോംഗോ പനിയുടെ ലക്ഷണങ്ങൾ. രോഗം പടർന്ന് നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ സാധാരണ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.
രോഗമുണ്ടായി ഉടൻ ചികിത്സ തേടുന്നതിലൂടെ മാത്രമേ മരണ സാധ്യത കുറക്കാൻ കഴിയൂ. കന്നുകാലി പരിചരണം, അറവ് ജോലികൾ ചെയ്യുന്നവർ ഗൗണുകൾ, കൈയുറകൾ, നീളമുള്ള ഷൂസ്, കണ്ണടകൾ എന്നിവ ധരിക്കുന്നത് രോഗ ബാധയുണ്ടാകാതിരിക്കാൻ സഹായിക്കും. ഫാമുകളിൽനിന്നും മറ്റും മൃഗങ്ങളെ വാങ്ങുന്നവർ ചെള്ളുകളുടെ സാന്നിധ്യമില്ലാത്തവ നോക്കി വാങ്ങുകയും വേണം. ചെള്ളുകളെ കൈകൊണ്ട് കൊല്ലരുത്.
ഇതിനായി മന്ത്രാലയം അംഗീകരിച്ച രാസവസ്തുക്കൾ മാത്രമാണ് ഉപയോഗിക്കാൻ പാടുള്ളൂ.