Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് മേഖലയിലെ സംഘർഷം

ഗൾഫ് മേഖലയിലെ സംഘർഷം

text_fields
bookmark_border
ഗൾഫ് മേഖലയിലെ സംഘർഷം
cancel

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും രാഷ്ട്രീയ അസ്ഥിരതയും ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതുപോലെ കേരളത്തിനും അതുപോലെ പ്രവാസികൾക്കും വലിയ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഗൾഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള അടുത്ത ബന്ധം പ്രധാനമായും പ്രവാസി തൊഴിലാളികളിലൂടെയാണ്. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നത്. ലക്ഷക്കണക്കിന് മലയാളികളും ഈ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇവർ നാട്ടിലേക്ക് അയക്കുന്ന വിദേശനാണ്യം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാന അടിത്തറയുമാണ്.

എന്നാൽ ഈ മേഖലയിലെ സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിൽ മേഖലയിലും അനിശ്ചിതത്വം ഉണ്ടാകുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഓയിൽ ആൻഡ് ഗ്യാസ്, നിർമാണ മേഖല, ഹോസ്പിറ്റാലിറ്റി, ചെറുകിട വ്യാപാരം, ടുറിസം, യു.എ.ഇ പോലുള്ള സ്ഥലങ്ങളിൽ ടാക്സി സർവീസ് തുടങ്ങിയ മേഖലകളിലാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. ഈ മേഖലകളിലാണ് മലയാളികൾ വലിയ തോതിൽ ജോലി ചെയ്യുന്നത്. പദ്ധതികൾ നിർത്തിവെക്കൽ, നിക്ഷേപങ്ങൾ കുറയൽ, കമ്പനികളുടെ ചെലവ് ചുരുക്കൽ തുടങ്ങിയ നടപടികൾ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. ഇതിനകം തന്നെ പലർക്കും താൽക്കാലികമായെങ്കിലും ജോലി നഷ്ടപ്പെട്ടതായി അറിഞ്ഞു. ധാരാളം പ്രവാസികളും ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിന്നും അതുപോലെ നാട്ടിലെ ബാങ്കുകളിൽ നിന്നും വലിയ വായ്പകൾ എടുത്തിട്ടുണ്ട്. ജോലി താൽക്കാലികമായെങ്കിലും ഇല്ലാതെയാകുന്ന അവസ്ഥ വായ്പകളുടെ തിരിച്ചടവിനെ ബാധിക്കും. ഇതുണ്ടാക്കുന്ന മാനസിക സംഘർഷം ചില്ലറയല്ല.

ഈ സംഭവങ്ങൾ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നില്ല. ഇവിടെ കുടുംബമായി താമസിക്കുന്നവർക്കും അതുപോലെ നാട്ടിലുള്ള അവരുടെ കുടുംബങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നു. പ്രവാസികൾ അയക്കുന്ന പണം കുറയുകയാണെങ്കിൽ കേരളത്തിലെ ഉപഭോഗ ചെലവുകളും നിക്ഷേപങ്ങളും കുറയാൻ സാധ്യതയുണ്ട്. പ്രവാസികളുടെ തിരിച്ചു വരവ് തൊഴിലില്ലായ്മ വർധിപ്പിക്കും. ചുരുക്കത്തിത്തിൽ സംസ്ഥാനത്തിന്റെ പൊതുവേയുള്ള നിലനിൽപ്പിനെ തന്നെ സാരമായി ബാധിച്ചേക്കും.

എന്താണ് പ്രതിവിധി?

പശ്ചിമേഷ്യൻ സാഹചര്യങ്ങൾ നമ്മെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്നു. പല കാരണങ്ങൾ കൊണ്ടും കേരളത്തിലെ ചെറുപ്പക്കാർ കുടിയേറുന്നുണ്ട്. ചെറിയ ശമ്പളത്തിനും അതുപോലെ കഠിനമായ സാഹചര്യങ്ങളിലുമാണ് എറിയ പങ്കു തൊഴിലാളികളും ജീവിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. ഗൾഫ് നാടുകളിൽ അവർ ചെയ്യുന്ന ജോലികൾ നാട്ടിൽ ചെയ്യാൻ അവർ തയാറല്ല എന്നത് ഗൗരവമേറിയ ഒരു സംഗതിയാണ്.

പ്രവാസികളുടെ മടക്കം വെല്ലുവിളികളോടൊപ്പം ചില അവസരങ്ങളും സൃഷ്ടിക്കുന്നു. വിദേശത്ത് ജോലി ചെയ്തവർക്കുള്ള അനുഭവവും സാങ്കേതിക നൈപുണ്യവും കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താൻ കഴിയും. കാർഷിക മേഖല ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ്. ധാരാളം കൃഷി സ്ഥലങ്ങൾ തരിശായി കിടക്കുകയാണ്. പഴം പച്ചക്കറി, ധാന്യങ്ങൾ, തുടങ്ങിയവക്കെല്ലാം ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. പാലും പാലുൽപന്നങ്ങളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. സ്റ്റാർട്ടപ്പ് പോലുള്ള സംരംഭങ്ങൾ, സേവന സ്ഥാപനങ്ങൾ, ടൂറിസം, ഹോട്ടൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് ഫ്ലോറികൾച്ചർ ഒരു നല്ല വരുമാന മാർഗമാണ്. പൂ മാലകൾ, ബൊക്കെകൾ, അലങ്കാരം, പൂജകൾ, തുടങ്ങി ഗ്രീൻഹൗസ്, നഴ്സറി, ലാൻഡ്സ്കേപ്പിങ് തുടങ്ങിയ മേഖലകളിൽ പ്രവാസികൾക്കും അവസരം കണ്ടെത്താം. കേരളത്തിൽ പല കർഷകരും ചെറിയ സ്ഥലങ്ങളിൽ പോലും പൂക്കൾ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നുണ്ട്. ജോലി സാധ്യതകളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കണം. നാട്ടിലേക്ക് മടങ്ങുമ്പോൾ ഏത് മേഖലകളിലാണ് ജോലി സാധ്യതകൾ ഉള്ളതെന്നും നിങ്ങളുടെ അഭിരുചിയും ഒക്കെ കണക്കിലെടുത്തു പുതിയ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യണം.

ചുരുക്കത്തിൽ കൃഷി, മത്സ്യബന്ധനം, ഡെയറി തുടങ്ങിയ മേഖലകളിലും ചെറുകിട ബിസിനസ്, വ്യവസായ സംരംഭങ്ങളും പ്രവാസികൾക്ക് പുതിയ അവസരങ്ങൾ കണ്ടെത്താം. ഇതിന് ആവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും നിലവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളും മറ്റു ഏജൻസികളും നൽകുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ സർക്കാറുകളും അനുബന്ധ ഏജൻസികളും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

സർക്കാർ പദ്ധതികൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തണം. പ്രവാസികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ വായ്പാ പദ്ധതികളും പുനരധിവാസ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കൊളാറ്ററൽ ഫ്രീ വായ്പകൾ അനുവദിക്കുന്നുണ്ട്. ഇത്തരം പദ്ധതികളെക്കുറിച്ച് അറിയുകയും അവ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് സാമ്പത്തികമായി മുന്നേറാൻ സഹായിക്കും. എങ്ങനെ സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാക്കാം എന്നതിനെപ്പറ്റിയും പരിശീലനം, ലൈസൻസുകൾ തുടങ്ങിയായെപ്പറ്റി അടുത്ത ലക്ഷത്തിൽ വിശദമായി എഴുതാം. (തുടരും )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conflict in the Gulf region
Next Story