സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സ്വദേശിവത്കരണത്തെ സംരക്ഷിക്കും
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ സന്ദർശന വേളയിൽ സുൽത്താൻ ഹൈതം ബിൻ
താരിഖിനൊപ്പം അൽ ബറക കൊട്ടാരത്തിൽ
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) തൊഴിൽ മേഖലയിൽ സ്വദേശി വൽകരണത്തിന് തടസ്സമാവില്ലെന്നും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ദേശീയ തൊഴിൽ മേഖലയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായാണ് വകുപ്പു മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ പ്രതികരണം. സി.ഇ.പി.എ സംബന്ധിച്ച് വിശദീകരിക്കാൻ മസ്കത്തിൽ വിളിച്ചുചേർത്ത വാർത്താമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സ്വദേശിവത്കരണ നിരക്കുകൾ കരാറിന്റെ ഭാഗമായി പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ 50 ശതമാനത്തിലധികം സ്വദേശിവത്കരണമുള്ള എല്ലാ മേഖലകളിലും നിരക്കുകൾ തുടരും.
50 ശതമാനത്തിൽ താഴെ സ്വദേശി വത്കരണമുള്ള മേഖലകളിൽ, ദേശീയ തൊഴിൽ വിപണിയുടെ മുൻഗണനകൾക്ക് അനുസൃതമായി നിരക്കുകൾ 50 ശതമാനം വരെ ഉയർത്താൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സൗകര്യം നൽകുന്നുണ്ട്. തൊഴിൽമേഖലയിലെ സ്വദേശി വത്കരണം ദുർബലപ്പെടുത്തുന്നതിനുപകരം അത് ശക്തിപ്പെടുത്തുന്നത് കരാർ ഉറപ്പാക്കുന്നുണ്ടെന്നും ദീർഘകാല തൊഴിൽ വികസന തന്ത്രങ്ങളെ ഇത് പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒമാൻ വിഷൻ 2040 -നോട്പൂർണമായും ചേർന്നുനിൽക്കുന്ന സി.ഇ.പി.എ, തുറന്ന സാമ്പത്തിക നിലപാടും സാമൂഹിക -തൊഴിൽ ലക്ഷ്യങ്ങളും തമ്മിൽ സന്തുലനം പാലിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വദേശിവൽകരണ പരിധികൾ സംരക്ഷിക്കുന്നതിലൂടെ വിദേശ നിക്ഷേപം ആകർഷിക്കുമ്പോഴും ഒമാനി പൗരന്മാർക്കുള്ള തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് കരാറിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.
ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ വ്യാപാരത്തിനും നിക്ഷേപത്തിനും ഒമാനെ ഒരു തന്ത്രപ്രധാന കവാടമായി സി.ഇ.പി.എ രൂപപ്പെടുത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഒമാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊരാളായ ഇന്ത്യ, വ്യാപാര വോള്യത്തിൽ ആറാം സ്ഥാനത്താണ്. 2024-ൽ ഇരുരാജ്യങ്ങളിലെയും മൊത്തം വ്യാപാരം ഏകദേശം 2.3 ബില്യൺ റിയാൽ ആയി. അതേസമയം, ഇന്ത്യക്ക് വൻ വിപണി സാധ്യതയാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ തുറന്നു നൽകുന്നത്. ഏകദേശം 3.9 ട്രില്യൺ ഡോളർ ജി.ഡി.പിയും 2026 -2030 കാലയളവിൽ 6.4 ശതമാനം വളർച്ചാനിരക്കും പ്രതീക്ഷിക്കുന്ന ഇന്ത്യ, സജീവമായ വ്യാപാരാന്തരീക്ഷമാണ് ഒരുക്കുന്നത്. 2024 -ൽ ഇന്ത്യയുടെ കയറ്റുമതി 434.4 ബില്യൺ ഡോളറായപ്പോൾ, ഇറക്കുമതി 697.75 ബില്യൺ ഡോളറിലെത്തി. പെട്രോളിയം, ഇലക്ട്രോണിക്സ്, രാസവസ്തുക്കൾ എന്നിവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.
വിദേശ നിക്ഷേപം ആകർഷിക്കുക, ഒമാന്റെ എണ്ണ ഇതര കയറ്റുമതി വർധിപ്പിക്കുക, സാമ്പത്തിക മേഖലകളിലെ പ്രവർത്തനം സജീവമാക്കുക, ഉപഭോക്താക്കൾക്ക് വിലക്കുറവ് ലഭ്യമാക്കാൻ സാധ്യത സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങൾ കരാർ സൃഷ്ടിക്കുന്നതായി മന്ത്രി വ്യക്തമാക്കി. സി.ഇ.പി.എയുമായി ബന്ധപ്പെട്ട് പരമാവധി സാമ്പത്തിക പ്രയോജനം ലഭിക്കാൻ ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കുള്ള ധനസഹായം, കയറ്റുമതി ശേഷി വികസനം, വ്യവസായ മത്സരക്ഷമത വർധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നയങ്ങൾ അനിവാര്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ മാസം 18ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

