സ്കൂൾ സാമഗ്രികൾക്ക് പല വില ഈടാക്കുന്നതായി പരാതി
text_fieldsമസ്കത്ത്: സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പഠന സാമഗ്രികൾക്ക് വില ഉയർന്നതായി രക്ഷിതാക്കളുടെ പരാതി. പല ഷോപ്പുകളിലും അധിക വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. സ്കൂൾ ബാഗുകൾക്കും നോട്ടുബുക്കിനും പേനക്കുമൊക്കെ വില ഉയർന്നതായി സുൽത്താൻ അൽ റവാഹി എന്ന രക്ഷിതാവ് പറഞ്ഞു.
'നിർഭാഗ്യവശാൽ, ഓരോ കടയിലും ഓരോ വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ വർഷം എന്റെ നാലു മക്കൾക്കുള്ള പഠനസാമഗ്രികൾ 30 റിയാലിന് വാങ്ങാൻ സാധിച്ചിരുന്നു. ഈ വർഷം ഒരു കുട്ടിക്ക് മാത്രം 50 റിയാൽ ചെലവാകുകയാണ്' -അദ്ദേഹം പറഞ്ഞു. മന്ദഗതിയിലായിരുന്ന സ്കൂൾ വിപണി സ്കൂളുകൾ തുറക്കാറായതോടെ സജീവമായിട്ടുണ്ടെന്ന് ഷോപ്പുടമയായ അഹമ്മദ് അൽ ബലൂഷി പറഞ്ഞു.
കടലാസിന് വില ഉയർന്നതിനാലാണ് നോട്ടുബുക്കിന് വില കൂട്ടേണ്ടി വന്നത്. സാധനങ്ങളുടെ വില ഉയർന്നത് ആഗോള തലത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യേണ്ടി വന്ന സാധനങ്ങൾക്കാണ് വില കൂടിയതെന്നും അനാവശ്യമായി വില ഉയർത്തുന്നതിനെതിരെ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സലിം ബിൻ അലി ബിൻ സലിം അൽ ഹക്മാനി പറഞ്ഞു. രക്ഷിതാക്കളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിപണിയിൽ പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

