ബാങ്ക് പരാതി പരിഹരിച്ചില്ലെങ്കിൽ 30 ലക്ഷം വരെ നഷ്ട പരിഹാരം
text_fieldsഅഡ്വ. ആർ മധുസൂദനൻ
ഇന്ത്യൻ ധനകാര്യ മേഖലയിലെ ഉപഭോക്താക്കളുടേ പരാതികൾ സമയ ബന്ധിതമായി പരിഹരിച്ചില്ലെങ്കിൽ, ഉപഭോക്താവിന് 30 ലക്ഷം രൂപ വരെ നഷ്ട പരിഹാരവും മൂന്നു ലക്ഷം രൂപ വരെ ചെലവുകളും അനുവദിക്കാവുന്ന പുതിയ നിയമം 2026 ജൂലൈ ഒന്നാം തീയതി മുതൽ നിലവിൽ വരുന്നു. ഭാരതീയ റിസർവ് ബാങ്ക് നിലവിലെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം 2021 നു പകരം പുതുക്കിയ സ്കീം നിലവിൽ വരികയാണ്. എന്തൊക്കെയാണ് പുതുക്കിയ സ്‌കീമിലുള്ളതെന്ന് പരിശോധിക്കാം .
കഴിഞ്ഞ ലക്കത്തിൽ അന്യായമായ ബാങ്ക് ചാർജുകളെപ്പറ്റിയും അതിനെതിരെ നടത്തേണ്ട നടപടികളെപ്പറ്റിയും എഴുതിയിരുന്നു. എന്നാൽ ചില ബാങ്കുകൾ പല തലത്തിൽ പരാതി പെട്ടാലും ഇടപാടുകാർക്ക് നീതി കൊടുക്കുന്നില്ല എന്ന് ബാങ്കുകളുടെ ബാങ്കായ റിസർവ് ബാങ്കിന് അറിയാം. അതുകൊണ്ടാണ് ഓംബുഡ്സ്മാൻ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്.
ഈ വരുന്ന ജൂലൈ ഒന്നാം തീയതി നിലവിൽ വരുന്ന ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്സ്മാൻ സ്കീം (2026) പ്രകാരം പല പുതിയ നടപടികളും കൊണ്ടുവന്നിട്ടുണ്ട്. ഈ പദ്ധതിയിൽ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. റീജ്യൽ റൂറൽ ബാങ്ക്സ്, കേന്ദ്ര സംസ്ഥാന കോഓപറേറ്റീവ് ബാങ്കുകൾ, അർബൻ കോ-ഓപറേറ്റീവ് ബാങ്കുകൾ, മറ്റു പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ മേഖലയിലെ പഴയതും പുതിയതുമായ ബാങ്കുകൾ എന്നിവ ഉൾപ്പെടുന്നു. പൊതു ജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിതര സ്ഥാപനങ്ങൾ, ഡിജിറ്റൽ വാലറ്റ് സ്ഥാപനങ്ങൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ എന്നിവയും മേൽപറഞ്ഞ സ്‌കീമിൽ ഉൾപ്പെട്ടിരിക്കുന്നു.
നഷ്ട പരിഹാരം
ഇതൊരു അർധ ജുഡീഷ്യൽ സ്ഥാപനമാണ്. ഒരു പരാതിക്കാരന്, പരാതി ശരിയാണെന്ന് ഓംബുഡ്സ്മാന് ബോധ്യം വന്നാൽ പരമാവധി 30 ലക്ഷം രൂപ വരെ നഷ്ട പരിഹാരം അനുവദിക്കാം. ഇതിനു പുറമെ മൂന്നു ലക്ഷം രൂപ വരെ പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങൾക്കും ചെലവുകൾക്കും വേണ്ടിയും അനുവദിക്കാം. നിലവിൽ ഇത് യഥാക്രമം 20 ലക്ഷവും ഒരു ലക്ഷവും ആയിരുന്നു.
എന്തൊക്കെ പരാതികൾ നൽകാം?
മുകളിൽ പറഞ്ഞതുപോലെ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾക്ക് മതിയായ പരിഹാരം ആ സ്ഥാപങ്ങൾ കണ്ടില്ലെങ്കിൽ ഉപഭോക്താവിന് മേൽപറഞ്ഞ സ്ഥാപനത്തെ സമീപിക്കാം. ഇതിനു പ്രതേകിച്ചു സാമ്പത്തിക ചെലവുകൾ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. പരാതികൾ ഓൺലൈായും, സി.എം.എസ് പോർട്ടൽ വഴിയും (https://cms.rbi.org.in) അല്ലെങ്കിൽ ഇമെയിൽ (crpc@rbi.org.in) ആയും അയക്കാം.
ഇന്ത്യക്കുപുറത്തുനിന്നും ഓൺലൈനായി പരാതി കൊടുക്കാൻ വെബ്സൈറ്റിൽ പരിമിതികൾ ഉണ്ട്. പരാതി നേരിട്ടും അയച്ചുകൊടുക്കാവുന്നതാണ്.
നിങ്ങളുടെ പരാതി ബാങ്കിൽ കൊടുത്തു 30 ദിവസത്തിനകം പരിഹാരം ഉണ്ടയില്ലെങ്കിൽ, ഒരു വർഷത്തിനകം പരാതി കൊടുത്തിരിക്കണം. എന്തൊക്കെ പരാതികൾ സ്വീകരിക്കും എന്ന് നോക്കാം. സേവനങ്ങളിലെ അപര്യാപ്തത, ലോണുകൾ അനുവദിക്കുന്നതു ഉൾപ്പെടെയുള്ള സേവനങ്ങളിലെ കാല താമസം, റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടികൾ, അന്യായമായ ചാർജുകൾ, ഇവ ഇതിന്റെ പരിധിയിൽ വരുന്നു. എന്നാൽ, കോടതിയുടെ തീർപ്പിലുള്ള കാര്യങ്ങൾ, ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങൾ, അവർ എടുത്തിരിക്കുന്ന ചില വാണിജ്യ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ, മറ്റൊരു ഇടപാടുകാരന്റെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു ഇടപാടുകാരന്റെ ന്യായമായ പരാതികൾ ഇവിടെ കൊടുക്കാം എന്നർഥം.
ഇനി ഓംബുഡ്സ്മാനിൽ നിന്നും മതിയായ തീർപ്പ് ഉണ്ടായില്ല എന്ന് തോന്നുന്ന പക്ഷം അപ്പലറ്റ് അതോറിറ്റി അതായതു ആർ.ബി.ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർക്കു 30 ദിവസത്തിനകം പരാതി ബോധിപ്പിക്കാം.
ഓംബുഡ്സ്മാനിൽ പരാതി കിട്ടുന്ന മുറക്ക് അവർ രേഖകൾ പരിശോധിച്ചു ഒരു നിശ്ചിത കാലയളവിൽ തീരുമാനം എടുക്കുകയും അത് നിങ്ങളെ അറിയിക്കുകയും ചെയ്യുന്നതാണ്.
നേരത്തെ പറഞ്ഞതുപോലെ ഈ ഫോറത്തിൽ പരാതിപ്പെടാൻ ചെലവുകൾ ഒന്നും തന്നെയില്ല. അതുകൊണ്ടു കുറേപേർ എങ്കിലും അവർക്കു ബാങ്കുകളിൽ നിന്നോ ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മതിയായ സേവനം അല്ലെങ്കിൽ മനഃപ്പൂർവം സേവനത്തിൽ വീഴ്ച വരുത്തുകയാണെങ്കിൽ മേൽപറഞ്ഞ ഫോറത്തിൽ പരാതി സമർപ്പിക്കുക. നിങ്ങൾക് നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ തന്നെ പ്രസ്തുത സ്ഥാപങ്ങൾക്കു ഇത് ഒരു പാഠമാവും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. ‘കരയുന്ന കുഞ്ഞിനെ പാലുള്ളൂ’ എന്ന ചൊല്ല് ഓർക്കുക.
(തുടരും )
(മസ്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

