ആയിരംദിനം പിന്നിട്ട് ആ കാരുണ്യസ്പർശം
text_fieldsഅബൂദബി: ഗസ്സയിലെ ദുരിതമുനമ്പിൽ ജീവിതം ദുസ്സഹമായ ഫലസ്തീനികൾക്കായി യു.എ.ഇ നടത്തുന്ന ജീവകാരുണ്യ സഹായത്തിന് 1,000 ദിവസം തികഞ്ഞു. ഫലസ്തീൻ ജനതയെ സഹായിക്കാനുള്ള യു.എ.ഇയുടെ സമാനതകളില്ലാത്ത പ്രതിബദ്ധത വെളിവാക്കുന്ന ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’ വഴി 389 കോടി യു.എസ് ഡോളറിന്‍റെ സഹായം എത്തിച്ചിട്ടുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ഈ ദൗത്യം ആരംഭിച്ചത്. ദുരന്തബാധിതരെ സഹായിക്കുകയും കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന യു.എ.ഇയുടെ ജീവകാരുണ്യ നിലപാടിന്റെ നേർക്കാഴ്ചയാണിത്.
2023 നവംബർ അഞ്ചിന് ആരംഭിച്ച ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’, അടിയന്തര ആശ്വാസ നടപടികൾ, ആരോഗ്യ പരിചരണം, ലോജിസ്റ്റിക് പിന്തുണ, പുനരധിവാസ പദ്ധതികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ജീവകാരുണ്യ ദൗത്യമായി മാറി. ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും പദ്ധതിക്ക് വലിയ അളവിൽ സാധിച്ചിട്ടുണ്ട്.
ദൗത്യം ആരംഭിച്ചതുമുതൽ ഇതുവരെയായി 1,26,000 ടണ്ണിലധികം വരുന്ന ഭക്ഷണ സാധനങ്ങളും മരുന്നുകളും മറ്റ് ആശ്വാസ സാമഗ്രികളും എത്തിച്ചു. പ്രതികൂല സാഹചര്യങ്ങളിലും തളരാതെ 770ലധികം ചരക്ക് വിമാനങ്ങൾ, 25 കപ്പലുകൾ, 13,000ത്തിലധികം ട്രക്കുകൾ എന്നിവ വഴിയാണ് സഹായങ്ങൾ വിതരണം ചെയ്തത്. തുടർച്ചയായി 1,000 ദിവസം പൂർത്തിയാക്കുന്ന ഈ ദൗത്യം, ഫലസ്തീൻ ജനതയോടുള്ള യു.എ.ഇയുടെ ശക്തമായ പിന്തുണ വ്യക്തമാക്കുന്നതാണ്.
പ്രധാന പ്രവർത്തനങ്ങൾ
ആരോഗ്യ പരിചരണം: ഈ ദൗത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈദ്യസഹായം. ഗസ്സയിലെ യു.എ.ഇ ഫീൽഡ് ആശുപത്രി, അനുബന്ധ മെഡിക്കൽ സെന്ററുകൾ, ഈജിപ്തിലെ അൽ ആരിഷിലെ യു.എ.ഇ ഫ്ലോട്ടിങ് ഹോസ്പിറ്റൽ എന്നിവ വഴി 2,30,000ത്തിലധികം രോഗികൾക്ക് ചികിത്സ നൽകി. സങ്കീർണമായ ശസ്ത്രക്രിയകൾ, പ്രത്യേക പരിചരണം, പുനരധിവാസം എന്നിവയും ഇവിടെ ലഭ്യമാക്കി.
‘ബേർഡ്സ് ഓഫ് ഗുഡ്നസ്’ (എയർ ഡ്രോപ്പ്): കരമാർഗം എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ ആകാശമാർഗം ഭക്ഷണവും അത്യാവശ്യ സാമഗ്രികളും വിതരണം ചെയ്ത പദ്ധതിയാണിത്. 81 എയർ ഡ്രോപ്പ് ദൗത്യങ്ങളിലൂടെ 4,000 ടണ്ണിലധികം സാധനങ്ങളാണ് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചത്.
സുസ്ഥിര പദ്ധതികൾ: അടിയന്തര സഹായങ്ങൾക്ക് പുറമെ, ഓട്ടോമേറ്റഡ് ബേക്കറികൾ പ്രവർത്തിപ്പിച്ച് ഭക്ഷണ സുരക്ഷ ഉറപ്പാക്കൽ, കുടിവെള്ള സംസ്കരണ പ്ലാന്റുകളും ശുദ്ധജല വിതരണ ശൃംഖലകളും സ്ഥാപിക്കൽ, വിദ്യാഭ്യാസം-ആരോഗ്യ മേഖലകൾക്ക് പിന്തുണ നൽകൽ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി. ‘സ്റ്റെപ്പ് ഓഫ് ഹോപ്പ്’: പരിക്കേറ്റ് അവയവങ്ങൾ നഷ്ടപ്പെട്ടവർക്കായി കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകുകയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്ന പുനരധിവാസ പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

