യൂറോപ്പിലേക്ക് വിസ; മലയാളികളിൽ നിന്നടക്കം ലക്ഷങ്ങൾ തട്ടി കമ്പനി ജീവനക്കാർ മുങ്ങി
text_fieldsമസ്കത്ത്: യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളികളിൽനിന്നടക്കം ലക്ഷങ്ങൾ തട്ടിയെടുത്ത് കമ്പനി ജീവനക്കാർ മുങ്ങിയതായി പരാതി. അൽ ഖുവൈറിലെ കെ.എം.ടി ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് കഴിഞ്ഞ ദിവസം പ്രവർത്തനം അവസാനിപ്പിച്ചതായി നോട്ടീസ് പതിച്ചിരിക്കുന്നത്.
കാസർകോട് സ്വദേശിയുടെ പരാതിയിൽ മസ്കത്ത് റൂവി കോടതിയിൽ കേസ് നടന്നുവരുന്നതിനിടെയാണ് കമ്പനി പ്രവർത്തനം നിർത്തിയിരിക്കുന്നത്. ഇദ്ദേഹമടക്കം നിരവധി പ്രവാസികളിൽനിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിട്ടുള്ളതെന്നാണ് അറിയാൻ കഴിയുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവരും തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നുണ്ട്. വിസ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2023ൽ ആണ് കാസർകോട് സ്വദേശി കമ്പനിയെ സമീപിക്കുന്നത്. 1200 റിയാൽ കൊടുത്താൽ ആറുമാസത്തിനുള്ളിൽ വിസ റെഡിയാക്കി തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യ ഗഡുവായി 500 റിയാൽ കൈമാറി. മൂന്നുമാസമായിട്ടും വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കമ്പനിയെ സമീപിച്ചപ്പോൾ വിസ അപേക്ഷ തള്ളിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കാസർകോട് സ്വദേശി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തുടർന്ന് റീ ഫണ്ടിനായി അപേക്ഷിച്ചപ്പോൾ കുറഞ്ഞ ചെലവിൽ മറ്റൊരു രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്തു. ഒപ്പം തന്റെ സുഹൃത്തുക്കൾക്കും മറ്റും ഈ കമ്പനിയെ പരിചയപ്പെടുത്തിയാൽ വിസ ചെലവിൽ ഇളവ് തരാമെന്നും അറിയിച്ചു. ഇതേതുടർന്ന് ഇദ്ദേഹം നാട്ടിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കമ്പനിയെ പരിചയപ്പെടുത്തി. ഇങ്ങനെ ഒമ്പതുപേർ ആദ്യ ഗഡുവായി ഒരുലക്ഷത്തിന് മുകളിൽ ഇന്ത്യൻ രൂപ കൈമാറി. മാസങ്ങൾക്കുശേഷം ഇതിലൊരാൾക്ക് വർക്ക് പെർമിറ്റ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അറിയിപ്പ് ലഭിച്ചു. അയാൾ മുഴുവൻ പൈസ അടക്കുകയും ചെയ്തു.
തുടർന്ന് എംബസി ഇന്റർവ്യൂവിന് തീയതി നൽകിയെങ്കിലും ഓരോദിവസവും പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിൽ പന്തികേട് തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താനും നാട്ടിലുള്ളവരും വലിയ ചതിയിലാണ് പെട്ടിരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞതെന്ന് കാസർകോട് സ്വദേശി പറഞ്ഞു. നിരവധി തവണ കമ്പനിയെ നേരിട്ട് സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മാത്രവുമല്ല, തന്നെപ്പോലെത്തന്നെ തട്ടിപ്പിനിരായായ നിരവധിപേരെ അവിടെ കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പലരെയും കമ്പനിയുടെ കാബിനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സി.ഇ.ഒ, മാനേജർ പോസ്റ്റുകളിലെല്ലാം മുംബൈ സ്വദേശികളാണ്.
ബന്ധുക്കളും സുഹൃത്തുക്കളും ഇതിൽ അകപ്പെട്ടതിനാൽ നാട്ടിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും പലരും തന്റെ വീട്ടിലുള്ളവരെ കൈയേറ്റം ചെയ്യുന്ന അവസ്ഥയിലെത്തിയെന്നും കാസർകോട് സ്വദേശി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

