സർക്കാർ സ്കൂളുകളിൽ അധ്യയന വർഷാരംഭം; വിദ്യാലയങ്ങളിലെത്തിയത് എട്ടുലക്ഷത്തോളം കുട്ടികൾ
text_fieldsമധ്യവേനലവധിക്കുശേഷം സ്കൂളുകളിലെത്തിയ സ്വദേശി വിദ്യാർഥികൾ സന്തോഷം പങ്കുവെക്കുന്നു -സുഹാന ഷെമീം
മസ്കത്ത്: ഒമാനിലെ സർക്കാർ സ്കൂളുകളിൽ 2023-24 അധ്യയന വർഷം ചൊവ്വാഴ്ച ആരംഭിച്ചു. എട്ടുലക്ഷത്തോളം കുട്ടികളാണ് മൂന്നുമാസത്തോളം നീണ്ട മധ്യവേനലവധി കഴിഞ്ഞ് രാജ്യത്തെ സ്കൂളുകളിൽ എത്തിച്ചേർന്നത്. ഇതിന് മുന്നോടിയായി 60,000ത്തിലധികം അധ്യാപകർ ഞായറാഴ്ച മുതൽ സ്കൂളുകളിൽ തിരിച്ചെത്തിയിരുന്നു. എല്ലാ അധ്യാപകരും സൂപ്പർവൈസർമാരും വിദ്യാഭ്യാസ, ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും സപ്പോർട്ട് ഗ്രൂപ്പുകളും വിദ്യാർഥികളെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പിനായാണ് രണ്ട് ദിവസം മുമ്പേ സ്കൂളുകളിൽ എത്തിയത്. ഈ വർഷം സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം 60,840 ആയിട്ടുണ്ട്.
ഇവരിൽ 87.5 ശതമാനവും സ്വദേശികളാണ്. രാജ്യത്ത് 1,270 സർക്കാർ സ്കൂളുകളാണുള്ളത്. സ്കൂൾ തുറക്കാനിരിക്കെ സ്കൂൾ ബസ് ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് കർശനനിർദേശം നൽകിയിരുന്നു. ട്രാഫിക് സുരക്ഷിതമാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വിദ്യാർഥികളുടെയും സ്കൂൾ ബസ് ഡ്രൈവർമാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോയൽ ഒമാൻ പൊലീസ് വിവിധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകളും ശിൽപശാലകളും നടത്തി വിദ്യാർഥികളെയും സ്കൂൾ ബസ് ഡ്രൈവർമാരെയും ബോധവത്കരിക്കുന്നതിന് റോയൽ ഒമാൻ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

