നൂതന സാങ്കേതികവിദ്യകളുടെ ലോകം തുറന്ന് ‘കോമെക്സ്’ പ്രദർശനം
text_fieldsകോമെക്സ് ഗ്ലോബൽ ടെക്നോളജി ഷോയുടെ ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക,
യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്
മസ്കത്ത്: കോമെക്സ് ഗ്ലോബൽ ടെക്നോളജി ഷോയുടെ 33ാമത് പതിപ്പിന് മസ്കത്തിൽ തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക മേഖലയിലെ നൂറിലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ അൽദാർ അൽ അറേബ്യ കമ്പനി സംഘടിപ്പിക്കുന്ന പ്രദർശനം ഡിജിറ്റൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകളും ഇലക്ട്രോണിക് സേവനങ്ങളും അവലോകനം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള സംഭാവനയുടെ ശതമാനം ഉയർത്തുകയാണ് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ദേശീയ പരിപാടി ലക്ഷ്യമിടുന്നതെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കായുള്ള ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷൈതാനി പറഞ്ഞു.വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിന് ഡിജിറ്റൽ പരിവർത്തനം, സാങ്കേതിക വികസനം എന്നീ മേഖലകളിൽ ലഭ്യമായ പാതകൾ ഉയർത്തിക്കാട്ടുകയാണ് 30 വർഷത്തിലേറെയായി കോമെക്സ് എക്സിബിഷൻ ലക്ഷ്യമിടുന്നതെന്ന് അൽ ദാർ അൽ അറേബ്യ കമ്പനിയുടെ സി.ഇ.ഒ അമർ ബാബൗദ് പറഞ്ഞു. നൂതന സാങ്കേതികവിദ്യകളിലെ ദ്രുതഗതിയിലുള്ള ആഗോള സംഭവവികാസങ്ങളെക്കുറിച്ചും കഴിവുകൾ, കാര്യക്ഷമത, ഉൽപാദനക്ഷമത എന്നിവ വികസിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്കും അറിയാൻ പ്രദർശനം അവസരങ്ങൾ നൽകും. എക്സിബിഷനിൽ വിവിധ സർക്കാർ ഏജൻസികളിൽ നിന്നും പ്രാദേശിക, അന്തർദേശീയ സാങ്കേതിക കമ്പനികളിൽ നിന്നും വിപുലമായ പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനം, സാങ്കേതിക അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെയും ഡിജിറ്റൽ നിക്ഷേപങ്ങളെയും പിന്തുണക്കുന്നതിനുള്ള നിക്ഷേപ ഏജൻസി പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക മേഖലയിൽ വിദഗ്ധരായ നിരവധി കമ്പനികളുമായി വിവിധ കരാറുകളിൽ ഒപ്പുവെക്കലും ആദ്യദിവസം നടന്നു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, ഉദ്യോഗസ്ഥർ, സംസ്ഥാന കൗൺസിലിൽ നിന്നുള്ള അണ്ടർ സെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, കമ്പനികളുടെ സി.ഇ.ഒമാർ, പ്രതിനിധികൾ തുടങ്ങി നിരവധി ഉന്നതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

