Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജറൂസലമിൽ എംബസി തുറന്ന് കൊളംബിയ; ഒമാൻ ഉൾപ്പെടെ 19 രാജ്യങ്ങൾ അപലപിച്ചു

text_fields
bookmark_border
ജറൂസലമിൽ എംബസി തുറന്ന് കൊളംബിയ; ഒമാൻ ഉൾപ്പെടെ 19 രാജ്യങ്ങൾ അപലപിച്ചു
cancel

മസ്‌കത്ത്: ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ ലംഘിച്ചും സമാധാന ശ്രമങ്ങളെ അട്ടിമറിച്ചും ജറുസലേമിൽ കൊളംബിയ പുതിയ എംബസി തുറന്ന നടപടിയെ ഒമാൻ ഉൾപ്പെടെ 19 അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ അപലപിച്ചു. തീരുമാനം അടിയന്തരമായി പിൻവലിക്കാൻ കൊളംബിയയോട് സംയുക്ത പ്രസ്താവനയിലൂടെ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

രണ്ടു രാജ്യങ്ങൾ എന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പശ്ചിമേഷ്യയിൽ ശാശ്വതവും നീതിയുക്തവുമായ സമാധാനം കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കൊളംബിയയുടെ ഈ നീക്കം ദുർബലപ്പെടുത്തുമെന്ന് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗാസ യുദ്ധത്തെത്തുടർന്ന് മുൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രായേലുമായി വിയോജിച്ച് നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ചിരുന്നു. എന്നാൽ നിലവിലെ കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല ഇസ്രായേലുമായി വീണ്ടും നയതന്ത്രബന്ധം സ്ഥാപിക്കുകയും, തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ജറുസലേമിൽ പുതിയ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.

ജറുസലേമിന്റെ നിയമപരമോ ചരിത്രപരമോ ആയ പദവി മാറ്റാൻ നടത്തുന്ന ശ്രമങ്ങൾക്കോ, അതിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതിനോ ഒരു നിയമസാധുതയുമില്ലെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ജറുസലേമിന്റെ പദവി മാറ്റുന്നതിനെ തള്ളിക്കളയുകയും അവിടുത്തെ നയതന്ത്ര മിഷനുകൾ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന, 1980-ൽ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പാസാക്കിയ 476, 478 എന്നീ പ്രമേയങ്ങൾ മന്ത്രിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ കൊളംബിയ തയാറാകണമെന്നും കിഴക്കൻ ജറുസലേം തലസ്ഥാനമായി പരമാധികാരമുള്ള ഒരു സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ ഉറക്കെ പ്രഖ്യാപിക്കുന്നതായും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യ, ഈജിപ്ത്, ജോർഡൻ, ഖത്തർ, തുർക്കിയ, പാകിസ്താൻ, ഇന്തോനേഷ്യ, ഫലസ്തീൻ തുടങ്ങിയവയാണ് പ്രസ്താവനയിൽ ഒപ്പുവെച്ച മറ്റ് പ്രമുഖ രാഷ്ട്രങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ​​Colombia opened Embassy at Jerusalem
Next Story