‘ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് സഹകരണം അനിവാര്യം’
text_fieldsഅവിസെൻ കണക്ടിന്റെ ഭാഗമായി മസ്കത്തിലെ ഷാംഗ്രി-ല, ബാർ അൽ ജിസയിൽ ‘ഒമാൻ വിഷൻ 2040ൽ ഡിജിറ്റൽ ഹെൽത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽനിന്ന്
മസ്കത്ത്: ഒമാന്റെ ആരോഗ്യരംഗത്തിന്റെ ഭാവി ശക്തിപ്പെടുത്താനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യസേവനദാതാക്കൾ, സ്വകാര്യമേഖല പങ്കാളികൾ എന്നിവർക്കിടയിലെ സഹകരണം നിർണായകമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒമാനിലെ മുൻനിര ഫാർമസി ശൃംഖലയായ അവിസെൻ ഗ്രൂപ്പിന്റെ വാർഷിക സ്റ്റാഫ് സംഗമമായ അവിസെൻ കണക്ടിന്റെ ഭാഗമായി മസ്കത്തിലെ ഷാംഗ്രി-ല, ബാർ അൽ ജിസയിൽ ‘ഒമാൻ വിഷൻ 2040 ൽ ഡിജിറ്റൽ ഹെൽത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് അഭിപ്രായമുയർന്നത്. സുസ്ഥിരവും കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യസേവന ലക്ഷ്യങ്ങളെ എങ്ങനെ പിന്തുണക്കാമെന്നതിനെക്കുറിച്ച് സജീവമായ ചർച്ച നടന്നു.
എ.എ.പി.സി മാനേജിങ് ഡയറക്ടർ ഹാമിദ്സെയ്ഫ് അൽ സബാഹി മോഡറേറ്ററായി. മിലിറ്ററി ആൻഡ് സെക്യൂരിറ്റി സർവിസസ് മെഡിക്കൽ സിറ്റിയിലെ ലോജിസ്റ്റിക്സ് ആൻഡ് മെഡിക്കൽ സപ്ലൈസ് ഡയറക്ടർ ഖാലിദ് ബിൻ സയീദ് ബിൻ സൈഫ് അൽ ഖരൂസി, മിലിറ്ററി ആൻഡ് സെക്യൂരിറ്റി സർവിസസ് മെഡിക്കൽ സിറ്റി ചീഫ് നഴ്സ് ഹനാൻ ബിൻത് സൈഫ് ബിൻ സുലൈമാൻ അൽ മാനി, ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സപ്ലൈസ് സീനിയർ ഓഫിസർ മനാൽ അൽ അൻസാരി, ഒമാൻ വിഷൻ 2040 ഫ്യൂചർ ടെകനോളജീസ് ടീം വൈസ് പ്രസിഡന്റ് അഹ്മദ് അൽ സാൽമി, ഒമാൻ വിഷൻ 2040 ഹെൽത്ത് പ്രിയോറിറ്റി സപ്പോർട്ട് ടീം വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ബലൂഷി, അവിസെൻ മാനേജിങ് ഡയറക്ടർ നിസാർ എടത്തുംചാലിൽ, ബദർ അൽ സമ ഗ്രൂപ്പ് സി.ഇ.ഒ സമീർ പി.ടി, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ജി.സി.സി ഗ്രൂപ്പ് സി.എം.ഒ രാഹുൽ കടവക്കോൽ, പാഡ്ൽ ബിസിനസ് കൺസൽട്ടൻസി സി.ഇ.ഒ ഡോ. രഞ്ജിത് രാജ്, തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കാളികളായി. ഒമാനിലെ രണ്ടാമത്തെ വലിയ റീട്ടെയിൽ ഫാർമസി ശൃംഖലയായ അവിസൻ, ആരോഗ്യമേഖലയടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന സേവനമായ ‘അവിസൻ ആപ്പ്’ അവതരിപ്പിച്ചിരുന്നു
അവിസൻ കണക്ട് പരിപാടിയിൽ ചെയർമാൻ ഇബ്രാഹിം അൽ ഗഫ്രി, എം.ഡി നിസാർ എടത്തുംചാലിൽ, എക്സി. ഡയറക്ടർ ഷബീർ അലി കൊന്നോല, ജനറൽ മനേജർ വിനു കോതറമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ‘അവിസൻ കണക്റ്റ്’ ഈ വർഷം വ്യത്യസ്തമായ സമീപനത്തോടെയാണ് സംഘടിപ്പിച്ചതെന്ന് അവിസൻ ഗ്രൂപ് വ്യക്തമാക്കി. ആഘോഷപരിപാടികളിലേക്കുമാത്രമായി പരിപാടിയെ ചുരുക്കുന്നതിനുപകരം, ആശയവിനിമയത്തിനും സഹകരണത്തിനും വഴിയൊരുക്കുകയും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളിൽ കാര്യമായ സംഭാവന നൽകുകയും ചെയ്യുന്ന വേദിയായി അവിസൻ കണക്ടിനെ മാറ്റുകയാണ് ലക്ഷ്യമിട്ടത്. ഡിജിറ്റൽ നവീകരണങ്ങളിലൂടെ ആരോഗ്യരംഗത്തിന്റെ പരിവർത്തനത്തിന് പിന്തുണ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

