സൈഖിൽ തണുപ്പേറുന്നു; താപനില 3.1 ഡിഗ്രിയിലേക്ക് താഴ്ന്നു
text_fieldsസൈഖ് പ്രദേശത്തിന്റെ ദൃശ്യം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ ഉടനീളം അന്തരീക്ഷ താപനിലയിൽ കുറവ് രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി റിപ്പോർട്ട്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ കണക്കുപ്രകാരം, സൈഖിലാണ് ഏറ്റവും താഴ്ന്ന താപനില; 3.1 ഡിഗ്രി സെൽഷ്യസ്.
ഒമാനിൽ തണുപ്പ് കാലത്തിലേക്ക് കടക്കുകയാണെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി. യാൻക്വിൽ- 11.6 ഡിഗ്രി സെൽഷ്യസും ഖാബിലിൽ 12.8 ഡിഗ്രി സെൽഷ്യസും നിസ്വയിൽ 13 ഡിഗ്രി സെൽഷ്യസും ഇബ്രയിൽ 13.3 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
ബിദിയ, ഹൈമ, അൽ മസിയോന, ഇബ്രി, ബഹ്ല, മക്ഷിൻ എന്നിവിടങ്ങളിൽ 13.6 ഡിഗ്രി മുതൽ 14.4 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും രേഖപ്പെടുത്തി.
അതേസമയം, അതിശൈത്യ മുന്നറിയിപ്പൊന്നും നിലവിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, പുലർകാലങ്ങളിൽ ആളുകൾ ശ്രദ്ധ പുലർത്തണമെന്നും മരുഭൂമികളിൽ പ്രത്യേകിച്ചും തണുപ്പ് നന്നായി കുറയാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ശൈത്യകാലമെത്തിയതോടെ തണുപ്പ് ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ക്യാമ്പിങ്ങുകൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ക്യാമ്പിങ് സുരക്ഷിതമാക്കാൻ കഴിഞ്ഞദിവസം മസ്കത്ത് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സാധാരണയായി ഡിസംബർ മുതൽ മാർച്ചുവരെയാണ് ക്യാമ്പിങ്ങിന് അനുയോജ്യമായ സമയം. പർവതങ്ങളും മരുഭൂമികളും കടൽത്തീരങ്ങളും അടങ്ങിയ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ് ഒമാൻ. പർവത പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവയാണ് പ്രധാന സ്ഥലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

