മുഖ്യമന്ത്രി 25ന് സലാലയിൽ; ഒരുക്കം പുരോഗമിക്കുന്നു
text_fieldsഐ.എസ്.സി കേരള വിങ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
സലാല: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജി.സി.സി സന്ദർശനത്തിന്റെ ഭാഗമായി ഒക്ടോബർ 25ന് ജി.സി.സിയിലെ കേരളമായ സലാലയിലും എത്തും. നഗരത്തിലെ ഇത്തിഹാദ് ക്ലബ് മൈതാനിയിൽ വൈകീട്ട് 7.30ന് ഒരുക്കുന്ന പ്രവാസോത്സവത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തുമെന്ന് മുഖ്യ സംഘാടകരായ ഐ.എസ്.സി കേരള വിങ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർമാർ കൂടിയായ എം.എ. യൂസുഫലി, ഗൾഫാർ പി. മുഹമ്മദലി, വിൽസൺ ജോർജ് എന്നിവരും എത്താൻ സാധ്യതയുണ്ടെന്ന് കൺവീനർ എ.കെ.പവിത്രൻ പറഞ്ഞു. മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപവത്കരിച്ച് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ചെയർമാൻ അംബുജാക്ഷൻ മയ്യിൽ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതികൾ ലഭിച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനനും പറഞ്ഞു. ഹൗസ് ഓഫ് എലൈറ്റിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രവീൺ, പവിത്രൻ കാരായി , ഹേമ ഗംഗാധരൻ, ഡോ. ഷാജി.പി. ശ്രീധർ, മൻസൂർ പട്ടാമ്പി, ലിജോ ലാസർ, സിജോയ് പേരാവൂർ, സയ്യിദ് ആസിഫ് , ഷെമീന അൻസാരി എന്നിവരും സംബന്ധിച്ചു. ഒക്ടോബർ 24 ന് മസ്കത്തിൽ എത്തുന്ന മുഖ്യമന്ത്രി അവിടത്തെ പരിപാടിക്ക് ശേഷം ശനി രാവിലെ 10.30 നാണ് സലാലയിൽ എത്തുക. ഒക്ടോബർ 26ന് സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

