കാലാവസ്ഥ മുന്നറിയിപ്പ് പട്ടികയില്‍ പുതിയ മാനകം കൂടി ഉള്‍പ്പെടുത്തും
text_fieldsമസ്കത്ത്: കാലാവസ്ഥ മുന്നറിയിപ്പ് പട്ടികയില്‍ പുതിയ മാനകം കൂടി ഉള്‍പ്പെടുത്തുന്നു. ഹീറ്റ് ഇന്‍ഡക്സ് അഥവാ മനുഷ്യശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് കൂടി ഉള്‍പ്പെടുത്തിയാകും പട്ടിക പരിഷ്കരിക്കുക. കാലാവസ്ഥ കൃത്യതയോടെ പ്രവചിക്കുന്നതിന്‍െറ ഭാഗമായാണ് ഇത് ഉള്‍പ്പെടുത്തുന്നതെന്ന് കാലാവസ്ഥ പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഓഫിസിലെ ഫോര്‍കാസ്റ്റിങ് ആന്‍ഡ് ഏര്‍ലി വാണിങ് സിസ്റ്റം ഡയറക്ടര്‍ ബദര്‍ അല്‍ റുംഹി അറിയിച്ചു. വരാനിരിക്കുന്ന വേനല്‍ക്കാലത്തോടെ ഹീറ്റ് ഇന്‍ഡക്സ് കൂടി മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.
വായുവിന്‍െറ താപനില, ആനുപാതിക ഈര്‍പ്പം, തണലുള്ള സ്ഥലങ്ങളിലെ കാറ്റ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും മനുഷ്യശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് കണക്കുകൂട്ടുക. അനുഭവവേദ്യമാകുന്ന വായുവിന്‍െറ താപനില അല്ളെങ്കില്‍ പ്രത്യക്ഷമായ താപനില എന്നും ഹീറ്റ് ഇന്‍ഡക്സിനെ വിളിക്കാവുന്നതാണ്. നിലവില്‍ താപനില, ആര്‍ദ്രത, അന്തരീക്ഷത്തിലെ ഊറല്‍, കാറ്റിന്‍െറ ഗതിവേഗം തുടങ്ങിയവയാണ് കാലാവസ്ഥ മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന താപനില അത് ചൂടായാലും തണുപ്പായാലും കാലാവസ്ഥ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കും. ഇതുവഴി ജനങ്ങള്‍ക്ക് കാലാവസ്ഥ പ്രവചനം തെറ്റാണെന്ന തോന്നല്‍ ഉണ്ടാകും. നിലവില്‍ തണലുള്ള തുറസ്സായ സ്ഥലങ്ങളില്‍ ഭൂനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷ താപനിലയാണ് കാലാവസ്ഥ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തുന്നത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഭൂനിരപ്പിലെ താപനില കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കില്ല. ഭൂമിയില്‍നിന്ന് ഉണ്ടാകുന്ന ചൂടുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ താപനില പലയിടങ്ങളിലും വ്യത്യസ്തമായിരിക്കും. ഇതിനാലാണ് വായുവിന്‍െറ താപനില അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിര്‍ണയിക്കാന്‍ ഒരുങ്ങുന്നതെന്ന് റുംഹി പറഞ്ഞു.
താപനില 20 ഡിഗ്രിയാണെന്ന് പ്രവചിച്ചാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ അംശം കൂടുതലുണ്ടെങ്കില്‍ തണുപ്പ് തോന്നില്ല. ഇനി കാറ്റ് കൂടുതലാണെങ്കിലാകട്ടെ ഇരുപത് ഡിഗ്രിയിലും കുറവാണ് താപനിലയെന്ന തോന്നലും ജനങ്ങളില്‍ ഉണ്ടാകും. ഹീറ്റ് ഇന്‍ഡക്സ് കൂടി ചേര്‍ക്കുന്നതോടെ താപനില ഇരുപത് ഡിഗ്രിയാണെങ്കിലും മറ്റ് ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് അത് മനുഷ്യന് 15 ഡിഗ്രിയായിട്ടാണോ 20 ഡിഗ്രിയായിട്ടാണോ അനുഭവവേദ്യമാകുന്നതെന്ന് അറിയാന്‍ സാധിക്കുമെന്ന് റുംഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
