കാലാവസ്ഥ വ്യതിയാനം: തണുക്കാനൊരുങ്ങി രാജ്യം
text_fieldsമസ്കത്ത്: ഒമാനിൽ പരക്കെ മഴ തുടരുന്നത് രാജ്യത്തെ അന്തരീക്ഷം തണുപ്പിലേക്ക് മാറുന്നതിെൻറ ഭാഗമാണെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്തെ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. ജബൽ ശംസിൽ 15 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് കൂടിയ താപനില. ഹിക്ക ചുഴലിക്കാറ്റ് ഉണ്ടായ സെപ്റ്റംബർ 24ന് ശേഷം വടക്കൻ മേഖലകളിൽ മഴ തുടരുകയാണ്. അൽ ഹജർ പർവത നിരകളിലും അടുത്തുള്ള വിലായത്തുകളിലുമാണ് ദിവസവും ഉച്ചക്കു ശേഷം മഴ പെയ്യുന്നത്.
ഒമാനിൽ മുൻകാലങ്ങളിൽ മഴ അപൂർവമായിരുന്നു. മഴ തീരെ പെയ്യാത്ത വർഷങ്ങളുമുണ്ടായിരുന്നു. അക്കാലത്ത് ചൂട് സമയത്ത് കനത്ത ചൂടും തണുപ്പു കാലത്ത് കൊടും തണുപ്പുമാണ് അനുഭവപ്പെടാറുണ്ടായിരുന്നത്. ഡിസംബർ, ജനുവരി മാസത്തിൽ കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്ന വർഷങ്ങളുണ്ടായിരുന്നു. ഉച്ചസമയത്ത് പോലും നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്ന സമയങ്ങൾ പഴയകാല പ്രവാസികൾ ഒാർക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിൽ തണുപ്പ് തീരെ കുറവാണ്. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കാര്യമായ തണുപ്പ് അനുഭവപ്പെടുന്നത്. കമ്പിളി വസ്ത്രങ്ങൾ ധരിക്കാൻ മാത്രമുള്ള തണുപ്പ് ഇല്ലാത്തതിനാൽ ജനങ്ങൾ സാധാരണ വസ്ത്രങ്ങളാണ് ധരിക്കുന്നത്. മുൻകാലത്തെ കൊടും തണുപ്പ് എവിടെ പോയെന്നാണ് പഴമക്കാർ ചോദിക്കുന്നത്. ഇൗ വർഷമെങ്കിലും നല്ല തണുപ്പ് ആസ്വദിക്കാൻ കഴിയുമെന്ന് പലരും പ്രതീക്ഷിക്കുന്നു.
ഒമാനിൽ പച്ചക്കറി സീസൺ ആരംഭിക്കുന്നതിന് മുമ്പ് മഴ പെയ്യുന്നത് കാർഷിക മേഖലക്ക് അനുഗ്രഹമാണെന്ന് കണക്കാക്കുന്നു. കൃഷി സീസൺ ആരംഭിക്കുന്നതിന് മുമ്പ് മഴ പെയ്യുന്നത് മികച്ച വിളവിന് കാരണമാകും. എന്നാൽ, കൃഷി സീസൺ ആരംഭിച്ചതിനു ശേഷം ശക്തമായ മഴ പെയ്യുന്നത് വിളവുകൾ നശിക്കാൻ കാരണമാക്കും. ഒമാൻ പച്ചക്കറികൾ നശിക്കുന്നത് വില ഉയരാൻ കാരണമാകും. ഇൗത്തപ്പഴ സീസണെയും അമിത മഴ പ്രതികൂലമായി ബാധിക്കും.
വിളവെടുപ്പ് കാലത്തെയും കുലകൾ പൊട്ടിവരുന്ന സമയത്തെയും അമിത മഴ ഇൗത്തപ്പഴ കുലകൾ കേടുവരാനും ഇൗത്തപ്പഴങ്ങൾ ഞെട്ടിൽ നിന്ന് കൊഴിഞ്ഞു വീഴാനും കാരണമാക്കും.കാലാവസ്ഥ മാറുന്നതോടെ അസുഖങ്ങളും വ്യാപിക്കും. ജലദോഷം, പനി എന്നിവ കാലാവസ്ഥ മാറുന്ന സമയത്തെ സാധാരണ രോഗങ്ങളാണ്. ഏതായാലും കാലാവസ്ഥ മാറുന്നതിെൻറയും സുഖകരമായ കാലാവസ്ഥ അനുഭവിക്കുന്നതിെൻറയും കാത്തിരിപ്പിലാണ് രാജ്യത്തുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
