മസ്കത്ത്: ഒമാെൻറ വിവിധയിടങ്ങളിൽ ഞായറാഴ്ച ശക്തമായ പൊടിക്കാറ്റ്. മസ്കത്ത്, ബുറൈമി,തെക്ക് വടക്ക് ബാത്തിന ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അടിച്ചത്. മണിക്കൂറിൽ 20-25 നോട്ട് വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ചൂടുവായുവിെൻറ അകമ്പടിയോടെയായിരുന്നു കാറ്റ്. പൊതുവെ ഉയർന്ന താപനിലയാണ് മസ്കത്ത് അടക്കം സ്ഥലങ്ങളിൽ ഞായറാഴ്ച അനുഭവപ്പെട്ടത്. വിവിധ റോഡുകളിൽ ദൂരക്കാഴ്ച പ്രയാസമായതിനാൽ വാഹനങ്ങൾ വേഗം കുറച്ചാണ് സഞ്ചരിച്ചത്. പൊടിക്കാറ്റിനെ തുടർന്നുള്ള അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശക്തമായ പൊടിക്കാറ്റിൽ ദൂരക്കാഴ്ച പ്രയാസമാകാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി രാവിലെ ട്വിറ്ററിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ തെക്കൻ കാറ്റിെൻറ ഫലമായി മസ്കത്ത്, ബുറൈമി, വടക്കൻ ശർഖിയ, ബാത്തിന ഗവർണറേറ്റുകളിൽ പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. പൊടിക്കാറ്റുണ്ടാകുന്ന സമയത്ത് പരമാവധി കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നും പുറത്തേക്കിറങ്ങുന്നവർ പൊടിക്കാറ്റിലെ മണലിൽനിന്നുള്ള സംരക്ഷണാർഥം വായും മൂക്കും നനഞ്ഞ തുണി കൊണ്ട് മറക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.