സലാല: ജീവകേന്ദ്രീകൃതമായ ഒരു സംസ്കൃതിയുടെ വീണ്ടെടുപ്പ് കാലഘട്ടത്തിെൻറ ആവശ്യമെന്ന് കേരള സാംസ്കാരിക വകുപ്പ് ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ. സലാല സോഷ്യൽക്ലബ് അങ്കണത്തിൽ മലയാള വിഭാഗം സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനെയും ശുദ്ധസംഗീതത്തെയും സ്നേഹിച്ച, ജീവിതം അടയാളപ്പെടുത്തിയ ഒരു ജനതയുടെ നീക്കിവെപ്പാണ് നാടൻ പാട്ടുകളും നാടൻ കലകളും. മണ്ണുമര്യാദയുടെ ഭാഷയും ഹൃദയതാളവും നഷ്ടമാകാതെ നാം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2016ലെ ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് രജിത രാജൻ മുഖ്യാതിഥിയായിരുന്നു.
ഇരുവരും സലാലയിലെ ഗായകരോടൊപ്പം ചേർന്നു ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച നാടൻ പാട്ടുകൾ ശുദ്ധ സംഗീതത്തിലെ താള പെരുക്കത്താൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. സലാലയിലെ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്തപരിപാടികൾ ആഘോഷങ്ങൾക്ക് വർണപ്പൊലിമ പകർന്നു. മലയാള വിഭാഗം കൺവീനർ ആർ.എം. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ബ്രൗൺ എന്നിവർ സംസാരിച്ചു. ഡോ.കെ. സനാതനൻ, യു.പി. ശശീന്ദ്രൻ എന്നിവർക്ക് മലയാളം വിഭാഗം നൽകിയ ഉപഹാരങ്ങൾ സി.ജെ. കുട്ടപ്പൻ കൈമാറി. ബഷീർ ചാലിശ്ശേരി നന്ദി പറഞ്ഞു. കലാധരൻ, ഹരികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റാഫിൾ ഡ്രോ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.