മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒമാനിലുണ്ടായ കനത്ത മഴയിൽ 115 രക്ഷാ അഭ്യർ ഥനകൾ ലഭിച്ചതായി സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു. വാദികളിലെ വെള്ളപ്പാച്ചിലിൽ ആളുകൾ കുടുങ്ങിയതായി വാട്ടർ റെസ്ക്യൂ ടീമിന് 29 റിപ്പോർട്ടുകളാണ് ലഭിച്ചത്. 56 പേരെയാണ് വാട്ടർ റെസ്ക്യൂ ടീം മൊത്തം രക്ഷിച്ചത്.
അഗ്നിശമന സേനാ വിഭാഗം 18 കേസുകൾ കൈകാര്യം ചെയ്തു. 60 അഭ്യർഥനകളോടാണ് ആംബുലൻസ് ടീം പ്രതികരിച്ചത്. സെർച്ച് ആൻഡ് റെസ്ക്യൂ ടീം എട്ട് അഭ്യർഥനകളോടും പ്രതികരിച്ചതായി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. കാറ്റും മഴയുമുണ്ടാകുന്ന സമയങ്ങളിൽ ഒൗദ്യോഗിക തലത്തിൽ നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഒാർമിപ്പിച്ചു.
താഴ്വരകൾ മുറിച്ചുകടക്കുന്നത് അപകടം വിളിച്ചുവരുത്തലാകും. താഴ്ന്ന പ്രദേശങ്ങളിൽനിന്നും വൈദ്യുതി തൂണുകൾക്ക് സമീപത്തുനിന്നും ഒഴിഞ്ഞുനിൽക്കണം. മിന്നൽ ഉണ്ടാകുേമ്പാഴും കരുതൽ അത്യാവശ്യമാണ്. കുട്ടികൾ വീടിന് പുറത്തുപോകുേമ്പാൾ ശ്രദ്ധിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും ചതുപ്പുകളിലുമൊന്നും അവർ നീന്താൻ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ഒാർമിപ്പിച്ചു.