കമ്പനി ബാധ്യതകളുമായി ബന്ധപ്പെട്ട സിവിൽ, ക്രിമിനൽ നടപടികൾ
text_fieldsഞാൻ കഴിഞ്ഞ എട്ടു കൊല്ലത്തോളമായി മസ്കത്തിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനി (എൽ.എൽ.സി) കമ്പനി നടത്തിവരുകയാണ്. നാട്ടിൽനിന്ന് ഭക്ഷ്യോൽപന്നങ്ങൾ ഒമാനിലേക്ക് ഹോൾസെയിൽ ആയി ഇറക്കുമതി നടത്തി വിതരണം ചെയ്യുന്ന കമ്പനിയാണ് ഇത്. എന്നെ കൂടാതെ അകന്ന ബന്ധുവടക്കം രണ്ടുപേരാണ് കമ്പനിയിലെ വിദേശ ഓഹരി ഉടമകൾ. കൂടാതെ ഒരു സ്വദേശിയുമുണ്ട്. നിയമാനുസൃതം ഞങ്ങൾ രണ്ടുപേരുടെയും പേർക്ക് കമ്പനിയുടെ 70 ശതമാനം ഓഹരിയും സ്വദേശിയുടെ പേരിൽ 30 ശതമാനം ഓഹരിയുമാണുള്ളത്. വിദേശികളായ ഞങ്ങൾ രണ്ടുപേരും അംഗീകൃത സിഗ്നേചറികളുമാണ്. എെൻറ അഭാവത്തിൽ മാത്രമാണ് അദ്ദേഹം കൂടുതൽ സമയം കമ്പനിക്ക് വേണ്ടി കണ്ടെത്തിയിരുന്നത്.
അദ്ദേഹത്തിന് മറ്റു പല ബിസിനസുകളും ഉള്ളതിനാൽ ഞാൻ തന്നെയാണ് കമ്പനി കാര്യങ്ങൾ ഏതാണ്ട് പൂർണമായി നോക്കിനടത്തിയിരുന്നത്. അങ്ങനെയിരിക്കെ ബിസിനസ് കൂടുതൽ മെച്ചപ്പെടുത്താൻ സുഹൃത്ത് മുഖാന്തരം പരിചയപ്പെട്ട നിക്ഷേപകനെകൊണ്ട് ഓഹരി എടുപ്പിച്ച് കമ്പനിയിൽ ഷെയർ ഹോൾഡറാക്കി ചേർക്കുകയുണ്ടായി. ആയിടക്ക് എെൻറ പിതാവിന് സുഖമില്ലാത്തതിനാൽ എനിക്ക് ദീർഘകാലം നാട്ടിൽ നിൽക്കേണ്ടതായി വന്നു. കോവിഡ് ലോക്ഡൗൺ മൂലം വിമാന സർവിസ് നിർത്തിെവച്ചതിനാൽ എനിക്ക് സമയത്തു തിരികെ എത്താനും കഴിഞ്ഞില്ല. എെൻറ ബന്ധുവായ ഓഹരിയുടമക്ക് സമയക്കുറവ് ഉണ്ടായിരുന്നതിനാൽ പുതുതായി വന്നയാളായിരുന്നു കാര്യങ്ങൾ നോക്കി നടത്തിയത്.
വിമാന സർവിസ് ആരംഭിച്ച മുറക്ക് ഞാൻ തിരികെ എത്തിയ ശേഷം കണക്കുകൾ പരിശോധിച്ചപ്പോൾ വളരെയധികം തുക ഔട്ട്സ്റ്റാൻഡിങ് ആയി കണ്ടു ചോദിച്ചപ്പോൾ കോവിഡ് പ്രശ്നത്താൽ പേമെൻറുകൾ കൃത്യമായി കിട്ടുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ, പലരും തുക നൽകിയതായി ഞാൻ മനസ്സിലാക്കി. ഈ കാലയളവിൽ പുതിയ ഓഹരിയുടമ കൃത്യമായ രേഖകൾ ഇല്ലാതെ പലർക്കും സാധനങ്ങൾ നൽകിയതിനാൽ കടം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിതരണക്കാർ കൃത്യമായി തുക നൽകാത്തതിനാൽ കേസ് കൊടുക്കും എന്ന് അറിയിച്ചിരിക്കുകയാണ്. ചെക്കുകളിൽ സുഹൃത്തായ ഓഹരിയുടമയാണ് ഒപ്പിട്ടിരിക്കുന്നത്. കൂടാതെ ഞാൻ ഒപ്പിട്ടു നൽകിയവയും ഉണ്ട്. കാര്യങ്ങൾ വഷളായപ്പോൾ പുതുതായി ചേർത്ത ഓഹരിയുടമ ഞങ്ങളെ അറിയിക്കാതെ നാട്ടിൽ പോവുകയും ചെയ്തു. അദ്ദേഹത്തിന് വലിയ നിക്ഷേപം കമ്പനിയിൽ ഇല്ല. കടക്കാർ പൊലീസിൽ പരാതി നൽകും എന്ന നിലയിലാണ്. ഇൗ അവസ്ഥയിൽ എനിക്ക് എന്താണ് ചെയ്യാൻ കഴിയുക.
ജയിൻസ് മാത്യു, വടക്കാഞ്ചേരി
ഒമാൻ കമേഴ്സ്യൽ കമ്പനി നിയമം (റോയൽ ഡിക്രി 4 / 1 974 ) ഭേദഗതികളോടെ ആർട്ടിക്ൾ രണ്ട് ഇ, 136, 143 എന്നിവയിലാണ് ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയുടെ വിവരണവും, രൂപവത്കരണവും, ഓഹരി കൈമാറ്റവും വിവരിച്ചിരിക്കുന്നത്. താങ്കൾ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലെ നിയമാനുസൃത ഓഹരിയുടമയാണ്.
ഫോറിൻ കാപിറ്റൽ ഇൻവെസ്റ്റ്മെൻറ് നിയമപ്രകാരം സാധാരണ ഗതിയിൽ 1,50,000 റിയാൽ മൂലധനത്തിലാണ് താങ്കളുടെ കമ്പനി രൂപവത്കരിച്ചിട്ടുള്ളതെന്നു മനസ്സിലാക്കുന്നു. എന്നാൽ, പുതുക്കിയ വിദേശ മൂലധന നിക്ഷേപ നിയമം അനുസരിച്ച് ഒമാനിൽ 100 ശതമാനം വിദേശ മൂലധനത്തോടെ കുറഞ്ഞ മുതൽമുടക്കിൽ കമ്പനികൾ രൂപവത്കരിച്ചു പ്രവർത്തിക്കാൻ ഇപ്പോൾ കഴിയും.
നിയമാനുസൃതം ഓഹരി മൂലധനത്തിന് തുല്യമായ തുകക്ക് ഓഹരിയുടമകൾ ബാധ്യസ്ഥരാണ്. താങ്കളുടെ കമ്പനിയിൽ നിലവിൽ താങ്കളും താങ്കളുടെ ബന്ധുവും മാത്രമാണ് അംഗീകൃത സിഗ്നേചറികൾ എന്നതിനാൽ നിങ്ങൾ രണ്ടുപേരും ഈ കടബാധ്യതക്ക് ഉത്തരവാദപ്പെട്ടവർ ആണ്. നിയമാനുസൃതം കോടതി മുഖാന്തരം കേസ് ഫയൽ ചെയ്ത് വിധി ലഭ്യമായിക്കഴിഞ്ഞാൽ സാധാരണ ഗതിയിൽ കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് കടം ഈടാക്കിയെടുക്കാറുണ്ട്.
അംഗീകൃത സിഗ്നേചറികൾക്കെതിരായി യാത്രവിലക്കടക്കമുള്ള നിയമ നടപടികളും സ്വീകരിക്കുവാൻ കഴിയും. ചെക്ക് ഒപ്പിട്ടു നൽകിയത് വഴി ക്രിമിനൽ ബാധ്യത ഉടലെടുത്തിരിക്കുകയാണ്. എന്നാൽ, ക്രിമിനൽ നടപടിയുണ്ടാവുക ചെക്കിൽ ഒപ്പിട്ട ആൾക്കെതിരെ മാത്രമാണ്. ആകയാൽ ഇക്കാര്യത്തിൽ ചെക്കുകൾ ഡിസ്ഹോണർ ചെയ്യപ്പെട്ടാൽ കേസ് നൽകുവാനും ചെക്കിൽ ഒപ്പിട്ടവരെന്ന നിലക്ക് താങ്കൾക്കും താങ്കളുടെ സുഹൃത്തിനുമെതിരായി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുവാനും കഴിയും.
പണം കിട്ടാനുള്ളവർ പരാതി നൽകിയാൽ കമ്പനിയുടെ അക്കൗണ്ടും ജംഗമവസ്തുക്കളും ജപ്തി ചെയ്യാൻ വിധി പുറപ്പെടുവിക്കുകയും വിധി നടപ്പിൽ വരുത്താൻ കോടതിയെ സമീപിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

