ക്രിസ്മസ് അന്നും ഇന്നും
text_fields‘‘മരത്തിൽ കെട്ടി തക്കുന്ന നക്ഷത്രങ്ങൾക്കകത്ത് ചിരട്ടയിൽ മണ്ണും നിറച്ച് അതിൽ മെഴുകുതിരി കത്തിച്ചുവച്ച് അതിൽ നിന്നുള്ള പ്രകാശം തെളിയും. ആ നുറുങ്ങുവെട്ടം കൂരാകൂരിരുട്ടത്തു ആകാശത്തു നക്ഷത്രങ്ങളെ വെല്ലുന്ന ശോഭയായിട്ടാണ് അനുഭവപ്പെട്ടത്...’’
എന്റെ ചെറുപ്പകാലത്തു ക്രിസ്മസ് ഓർമകളിൽ ഏറ്റവും പ്രധാനം വീടുകൾ കയറിയിറങ്ങയുള്ള ക്രിസ്മസ് കരോളാണ്. ഇന്നത്തെ പോലെ വികസനം ഉള്ള ഗ്രാമവീഥികൾ ആയിരുന്നില്ല അക്കാലത്ത്. നാടൻ വഴികളും കുന്നിൻ ചെരുവുകളും നിറഞ്ഞ ആ ഒറ്റവരി പാതകൾ ഇന്ന് പലർക്കും കാണാൻ കിട്ടാത്തതും പഴയ തലമുറ ആസ്വദിച്ചിരുന്നതുമായ ഒരു യാത്രാ വീഥിയായിരുന്നു.
കുറ്റിച്ചെടികളും പുല്ലുകളും നിറഞ്ഞ മഞ്ഞു തുള്ളികൾ ഉറ്റുവീഴുന്ന ആ വഴിയെ പോകുമ്പോൾ അവർ നമ്മെ തലോടുമ്പോഴുള്ള ആ തണുപ്പ് ഇന്നും മായാത്ത ഓർമയാണ്. കൈതോടുകളും വയലുകളും പുല്ലും നെൽചെടികളും നിറഞ്ഞ ഒറ്റവരിപ്പാതയിലൂടെയുള്ള കരോൾ ഗാനങ്ങൾ പാടിയുള്ള യാത്ര മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചത്. ഓരോ വീടുകളും അകലങ്ങളിലാണ് അക്കാലത്ത്. റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഉള്ള ആ യാത്രയെ മനോഹരമാക്കിയത് നല്ല ഈണവും ഇമ്പവുമുള്ള കരോൾ ഗാനങ്ങളായിരുന്നു. നല്ല തണുപ്പും മഞ്ഞും നിറഞ്ഞ രാത്രിയിൽ ഓരോ വീടിന്റെ മുമ്പിൽ എത്തുമ്പോഴും അവരുടെ സ്വീകരണവും അതോടൊപ്പം ലഭിക്കുന്ന കടും കാപ്പിയും ചെറുകടികളും ഇന്നും മറക്കാനാവാത്ത ഓർമകളാണ്. എത്രയോ കിലോമീറ്ററുകൾ നാം നടന്നിട്ടുണ്ടാവുമെന്ന് ഒരോർമയുമില്ല, പക്ഷെ, അതൊരു ആവേശമായിരുന്നു.ഓരോ വീടുകളിലും തോട്ടത്തിൽനിന്ന് വെട്ടിനട്ട് ക്രിസ്മസ് ട്രീ ഒരുക്കും. ഇല്ലിക്കമ്പുകളും, കപ്പത്തണ്ടും ഉപയോഗിച്ച് ഉണ്ടാക്കിയ നക്ഷത്രങ്ങൾ വർണക്കടലാസുകൾ ഒട്ടിച്ചു മനോഹരമാക്കും. മുറ്റത്തും പരിസരമുള്ള ഏറ്റവും ഉയരമുള്ള മരത്തിൽ കെട്ടി തൂക്കുന്ന നക്ഷത്രങ്ങൾക്കകത്ത് ചിരട്ടയിൽ മണ്ണും നിറച്ച് അതിൽ മെഴുകുതിരി കത്തിച്ചുവച്ച് അതിൽ നിന്നുള്ള പ്രകാശം തെളിയും. ആ നുറുങ്ങുവെട്ടം കൂരാകൂരിരുട്ടത്തു ആകാശത്തു നക്ഷത്രങ്ങളെ വെല്ലുന്ന ശോഭയായിട്ടാണ് അനുഭവപ്പെട്ടത്.
ഇവയെല്ലാം അക്കാലത്തു ക്രിസ്മസ് എത്ര മനോഹരമായിരുന്നു എന്ന് ഓർമിപ്പിക്കുന്നതാണ്. പ്രകൃതിയോട് ഇണങ്ങിചേർന്ന് വൈക്കോലുകളും, വൃക്ഷങ്ങളും പുല്ലുകളും കൊണ്ട് കോർത്തിണക്കിയ പുൽക്കൂടും ഓരോ വീടുകളിലും കാണുമ്പോൾ അത് ഒരു ആനന്ദമായിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ചു നാനാജാതി മതസ്ഥർ യേശുക്രിസ്തുവിന്റെ ജനനത്തിൽ സന്തോഷിക്കുകയും അവരുടെ ഭവനങ്ങളെ ഒരുക്കുകയും കരോൾ ഗാനങ്ങളും അതോടൊപ്പം ഉള്ള ആട്ടവും പാട്ടും എല്ലാം നന്നായി ആസ്വദിച്ചിരുന്നു. അതിനേക്കാൾ ഉപരിയായി എല്ലാവരും തമ്മിൽ പരസ്പര സ്നേഹവും ഐക്യവും സൗഹൃദവും പങ്കുവെക്കുകയും പരസ്പരം ബന്ധങ്ങൾ പുതുക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു ക്രിസ്മസ് എനിക്ക് പഴയകാല ഓർമകളിൽ. ചെറിയ കൈത്തോടുകളും ആറുകളും കുളങ്ങളും കൈത്തോടുകളിലെ മുളകൾ കൊണ്ടുണ്ടാക്കിയ കൈപ്പിടിയോടു കൂടിയ പാലങ്ങളും അതിനോട് ചേർന്ന് നെൽവയലുകളും അവയിലെ ഒറ്റവരി, ചിലപ്പോൾ ചളി നിറഞ്ഞതുമായ ആ വഴികളിൽ കൂടിയുള്ള യാത്ര സമ്മാനിച്ചിരുന്ന ഒരു സുഖം അതൊരു നഷ്ടസ്വപ്നം പോലെ ഇന്നും നമ്മുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. ഇനിയും അതുപോലുള്ള ക്രിസ്മസ് കാലങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ദൈവീക സ്നേഹത്തിൽ ജീവിക്കുവാനുള്ള പ്രചോദനമാകട്ടെ ഓരോ ക്രിസ്മസും. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

