ക്രിസ്മസ് കരോളും പെട്രോമാക്സും
text_fieldsഇന്ന് ലോകം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും മനുഷ്യരുടെ ഹൃദയങ്ങളിൽ പഴയകാലത്തെ സ്നേഹവും കരുണയും പലപ്പോഴും കുറയുകയാണ്. സ്വാർഥതയും മത്സരവുമാണ് പൊതുവെ കണ്ടുവരുന്നത്. എന്റെ ചെറുപ്പകാലത്ത് ക്രിസ്മസ് കരോൾ വലിയ ആവേശത്തോടുകൂടിയാണ് ഞങ്ങൾ കൂടിയിരുന്നത്. ഏതാണ്ട് ഒരാഴ്ചക്കാലം രാത്രികളിൽ ഈ കരോൾ നീണ്ടുനിൽക്കും. ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും ജാതിമത ഭേദമന്യേ കരോൾ കടന്നു ചെല്ലും. കൂടെ ഞാനും കൂട്ടുകാരും പോകുമായിരുന്നു. അന്നൊക്കെ കരോൾ വരുമ്പോൾ അവർക്ക് വെളിച്ചം ലഭിക്കുവാനായി കൈയിൽ കരുതിയിരുന്ന വിളക്കിന്റെ പേരായിരുന്നു പെട്രോമാക്സ്. ഇന്നത്തെ തലമുറക്ക് അധികം അറിയാനിടയില്ലാത്ത ഒന്നാണ് പെട്രോ മാക്സ്. മണ്ണെണ്ണ ഒഴിച്ച് ഇടക്കിടക്ക് കാറ്റ് നിറച്ചു കൊടുത്തുകൊണ്ടാണ് ഈ വിളക്കുകൾ പ്രകാശിച്ചിരുന്നത്. വെളിച്ചം കുറയുമ്പോൾ അതിൻറെ ടാങ്കിനുള്ളിലേക്ക് കാറ്റ് അടിച്ചു നിറക്കും, അത്യാവശ്യം പരിചയമുള്ള ആളുകൾ മാത്രമാണ് ഇത്തരം ലൈറ്റുകൾ കൈകാര്യം ചെയ്യുക.
ഒരിക്കൽ കരോൾ ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയപ്പോൾ ആ പെട്രോമാക്സിലെ പ്രകാശം കുറഞ്ഞു. അതോടെ, സ്ഥലത്തെ പ്രധാന തലയെടുപ്പുകാരനായ കുട്ടിചേട്ടൻ പെട്രോമാക്സിൽ കാറ്റ് നിറക്കാൻ തുടങ്ങി. എന്ത് ജോലി ചെയ്താലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ മിടുക്കൻ ആയിരുന്നു കുട്ടിച്ചേട്ടൻ. കുട്ടികളെല്ലാം ചുറ്റും കൂടി നിന്നതുകൊണ്ട് വളരെ ആവേശത്തോടെ കുട്ടിചേട്ടൻ കാറ്റ് നിറച്ചു കൊണ്ടേയിരുന്നു. അവസാനം കാറ്റ് നിറഞ്ഞ് കവിഞ്ഞപ്പോൾ പെട്രോമാക്സിന്റെ പ്രകാശിക്കുന്ന ഭാഗം വായുവിലേക്ക് വലിയൊരു സീൽക്കാര ശബ്ദത്തോടുകൂടി പൊങ്ങി പറന്നു പോയി.
ചുറ്റുപാടും മണ്ണെണ്ണക്ക് തീ പിടിച്ചതുകൊണ്ട് വലിയ ഒരു പൂക്കുറ്റി പോലെ അഗ്നിഗോപുരം ഉണ്ടാവുകയും ആളുകൾ ഭയന്ന് ഓടുകയും ചെയ്തു എന്നാൽ കാര്യമറിഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മറിഞ്ഞു. ഇന്നും അദ്ദേഹത്തെ കാണുമ്പോൾ ഗ്രാമത്തിലുള്ളവർക്ക് ഈ സംഭവമാണ് ഓർമയിൽ വരിക. ഓരോ ക്രിസ്മസ് വരുമ്പോഴും മനസ്സിൽ നിന്നും മായാതെ നിൽക്കും ഇത്തരം ഓർമ്മകൾ...
ക്രിസ്മസും, പുതുവത്സരവും റീലുകളിൽ ഒതുങ്ങിപോവാതെ പഴയ കാലത്തെപോലെ, സ്നേഹവും, സമത്വവും, കരുണയും നിറഞ്ഞൊരു സമൂഹം ഉണ്ടാകട്ടെ എന്നാണാഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

