മസ്കത്തിൽ ക്രിസ്തീയ ഭജൻ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്തുതിയുടെ വഴിയിൽ’ എന്ന തലക്കെട്ടിൽ ക്രിസ്തീയ ഭജൻ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനത്തിൻറെ 48-ആമത് വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ക്രൈസ്തവ ഗാനശാഖയിലെ പഴയ ഗാനങ്ങൾ ശാസ്ത്രീയ സംഗീത ശൈലിയിൽ ചിട്ടപ്പെടുത്തി 14 ഗായകർ ഒരുമിച്ച് ചേർന്ന് ഭക്തി സാന്ദ്രമായി ആലപിച്ചപ്പോൾ വിശ്വാസികൾക്ക് അത് വ്യത്യസ്തമായ അനുഭവമായി മാറി. വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വൈദികരും ഒമാൻറെ വിവിധ പ്രദശേങ്ങളിൽ നിന്നായി നൂറ് കണക്കിന് വിശ്വാസികളുമാണ് ക്രിസ്തീയ ഭജൻ ആസ്വദിക്കാനെത്തിയത്.
സംഗീത പരിപാടി ആത്മീയ ഐക്യത്തിനും പ്രവാസി ക്രൈസ്തവ കൂട്ടായ്മക്കും മനോഹരമായ സാക്ഷ്യമായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കോഓഡിനേറ്റർമാരായ ജോർജ് സാമുവേൽ, ബെൻസൺ സ്കറിയ എന്നിവർ നേതൃത്വം നൽകി. വാർഷികാഘോഷ പരിപാടികളൊടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. തോമസ് ജോസ് അധ്യക്ഷതവഹിച്ചു.
മസ്കത്ത് സെന്റ്. മേരീസ് യാക്കോബായ ഇടവക വികാരി ഫാ. അനൂപ് വർഗീസ് മുഖ്യാതിഥിയായി. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വ. എബ്രഹാം മാത്യു, ഇടവക മുൻ സെക്രട്ടറി ഡോ. കുര്യൻ എബ്രഹാം, നിലവിലെ സെക്രട്ടറി മറിയാമ്മ ഫിലിപ്പ്, യുവജനപ്രസ്ഥാനം സെക്രട്ടറി സോജി പി. ജോൺ, മറ്റുസഭകളിലെ വൈദികർ തുടങ്ങിയവർ ആശംസ അറിയിച്ചു.
സെക്രട്ടറി നിബു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വർഗീസ് അലക്സ് സ്വാഗതവും ട്രഷറാർ അനീഷ് വർഗീസ് നന്ദിയും പറഞ്ഞു. ടാലന്റ് സ്കാൻ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടത്തി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

