മസ്കത്ത്: രാജ്യത്ത് പുതിയ ശിശു സംരക്ഷണ നിയമം നിലവിൽ വന്നു. കുട്ടികളുടെ സംരക്ഷണം, നഴ്സറികൾ സ്ഥാപിക്കൽ, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിവിധ വ്യവസ്ഥകളോടെയുള്ളതാണ് നിയമം. ഇതു സംബന്ധിച്ച സാമൂഹിക വികസന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ സഇൗദ് ബിൻ സെയ്ഫ് അൽ കൽബാനിയുടെ ഉത്തരവ് ഞായറാഴ്ച ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചികിത്സാസഹായത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഒരുക്കിയിരിക്കണമെന്ന് നിയമം നിർദേശിക്കുന്നു.
യോഗ്യതയുള്ള നഴ്സായിരിക്കണം ഇത് ചെയ്യേണ്ടത്. ഒാരോ കുട്ടിയുടെയും ഹെൽത്ത് റെക്കോഡ് സ്കൂളിൽ സൂക്ഷിക്കണം. ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള ആരോഗ്യ പരിപാടികൾ സ്കൂളുകളിൽ നടത്തണം. ഒപ്പം കുട്ടികളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കണം. കുട്ടികൾക്ക് എന്തുതരത്തിലുള്ള പരിശോധനകൾ നടത്തുന്നതിനും ചികിത്സാപരമായ കാര്യങ്ങൾ ചെയ്യുന്നതിനും കുട്ടികൾക്ക് ഒപ്പം ആരെങ്കിലും ഉണ്ടാകണം. ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന അടിയന്തര സന്ദർഭങ്ങളിൽ മാത്രമാണ് ഇതിന് ഇളവുണ്ടാവുക. നവജാത ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണം അംഗീകൃത മാനദണ്ഡ പ്രകാരമുള്ളതാകണമെന്നും നിയമത്തിെൻറ ആറാം വകുപ്പ് നിർദേശിക്കുന്നു.
കുട്ടികൾക്ക് ദോഷകരമായതും ശരീരത്തിനെ വികലമാക്കുന്നതും മരണത്തിനു വരെ കാരണമായേക്കുകയും ചെയ്യാവുന്ന പരമ്പരാഗത രീതികൾക്കോ കർമങ്ങൾക്കോ അവരെ വിധേയമാക്കരുതെന്നും നിയമം നിർദേശിക്കുന്നു. ഇതുപ്രകാരം എല്ലാതരങ്ങളിലുമുള്ള സ്ത്രീ ചേലാകർമങ്ങളും നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കുട്ടികളുടെ ശരീരത്തെ വികൃതമാക്കുന്നതും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ രീതിയിൽ ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ച് ദ്രോഹിക്കൽ, ആരോഗ്യത്തിന് അപകടകരമായ സാധനങ്ങൾ കഴിപ്പിക്കൽ എന്നിവയും പുതിയ നിയമപ്രകാരം ശിക്ഷാർഹമായ കാര്യമാണ്. 15വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. 15 വയസ്സിന് മുകളിലുള്ളവരെ കാർഷികം, മത്സ്യബന്ധനം, വ്യവസായം, കരകൗശലം, അഡ്മിനിസ്ട്രേറ്റിവ് ജോലികൾക്ക് മാത്രമേ നിയോഗിക്കാൻ പാടുള്ളൂ. രക്തബന്ധുക്കൾക്ക് ഒപ്പം മാത്രമേ കുട്ടികൾ തൊഴിലെടുക്കാനും പാടുള്ളൂ. തൊഴിലുടമ ഒാരോ ആറുമാസം കൂടുേമ്പാഴും ഇവരുടെ ആരോഗ്യനില പരിശോധിക്കുകയും വേണം. വംശീയതയോ, മറ്റ് മതങ്ങളോടുള്ള വിദ്വേഷമോ വളർത്തുന്ന രീതിയിലുള്ള കുട്ടികളുടെ പുസ്തകങ്ങൾ വിൽപന നടത്തുകയോ ലൈബ്രറികളിലോ മറ്റോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്.
ലിംഗ വിവേചനത്തെയോ ഭാഷയുടെയോ നിറത്തിെൻറയോ മതത്തിെൻറയോ ദേശത്തിെൻറയോ പേരിലുള്ള വിവേചനങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പുസ്തകങ്ങൾ, അക്രമങ്ങളെയോ കുറ്റകൃത്യങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പുസ്തകങ്ങളും ഒഴിവാക്കണം. കുട്ടികൾക്കുള്ള സിനിമകളുടെ സ്ക്രീനിങ്ങിന് മുമ്പ് ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ അനുമതി വാങ്ങിയിരിക്കണമെന്നും നിയമം നിർദേശിക്കുന്നു.
നഴ്സറികൾക്ക് കർശനമായ മാർഗനിർദേശങ്ങൾ
മസ്കത്ത്: നഴ്സറികൾ തുടങ്ങുന്നതിനും കർശനമായ മാർഗനിർദേശങ്ങളാണ് പുതിയ ശിശു സംരക്ഷണ നിയമം മുന്നോട്ടുവെക്കുന്നത്. നഴ്സറിയിൽ കുട്ടികൾക്ക് ഏർപ്പെടാവുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ വിവരം നൽകണം. ഒപ്പം നഴ്സറിയുടെ ഫീസിനെക്കുറിച്ച് വിശദമായ വിവരവും നൽകണം.
താമസ മേഖലയോട് ചേർന്ന് ശാന്തമായ സ്ഥലത്താകണം നഴ്സറി സ്ഥാപിക്കേണ്ടത്. മലിനീകരണമില്ലാത്ത ആരോഗ്യകരമായ അന്തരീക്ഷത്തിലാകണം നഴ്സറികളുടെ പ്രവർത്തനം. വ്യവസായ, മെക്കാനിക്കൽ സ്ഥാപനങ്ങൾ, വെയർഹൗസുകൾ, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംഭവിക്കാവുന്ന താഴ്ന്ന പ്രദേശം എന്നീ പ്രദേശങ്ങളിൽ ആകരുത് നഴ്സറികൾ.
നഴ്സറികളിലേക്ക് സുരക്ഷിത റോഡ് സൗകര്യവും ഉണ്ടാകണം. എന്നാൽ, പൊതു ഹൈവേകളോട് ചേർന്നാകരുത് നഴ്സറികളെന്നും നിയമം നിർദേശിക്കുന്നു. കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണുകയോ ഏതെങ്കിലും നിയമലംഘനം ശ്രദ്ധയിൽ പെടുകയോ ചെയ്താൽ ബന്ധപ്പെട്ട അധികൃതരുടെ തീരുമാന പ്രകാരം മൂന്നുമാസം വരെ അടച്ചിടുമെന്നും നിയമത്തിൽ പറയുന്നു. അനധികൃത നഴ്സറികൾ നടത്തുന്നവർക്കും അന്തിമ അംഗീകാരമില്ലാതെ നഴ്സറി പ്രവർത്തനം ആരംഭിക്കുന്നവർക്കും ആയിരം മുതൽ അയ്യായിരം വരെ റിയാൽ പിഴ ചുമത്തും.