കുട്ടികളുടെ കളിമണലിൽ അപകടകാരിയായ ആസ്ബസ്റ്റോസ് അംശമെന്ന് മുന്നറിയിപ്പ്
text_fieldsമസ്‌കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ചില കളിപ്പാട്ടങ്ങൾ വിപണിയിൽ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാവാനിടയുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
‘അഡുവോ’ എന്ന ബ്രാൻഡിന്റെ പേരിൽ നിർമ്മിച്ച നിറംചേർത്ത മണൽ (മോഡൽ: ബി-318-19149) ഉൽപന്നവുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതോറിറ്റി നടത്തിയ പരിശോധനകളിൽ ഈ ഉൽപന്നത്തിൽ അപകടകാരിയായ അസ്ബസ്റ്റോസ് ചെറിയ അളവിൽ അടങ്ങിയിരിക്കാമെന്ന് കണ്ടെത്തി. മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്താൻ സാധ്യതയുള്ള ഈ ഘടകം സമ്പർക്കത്തിലൂടെ വലിയ അപകടങ്ങൾ സൃഷ്ടിക്കാനിടയുള്ളതാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കണമെന്നും ആരോഗ്യത്തിന് ഭീഷണിയാകാവുന്ന ഉൽപന്നങ്ങൾ ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് അതോറിറ്റി അഭ്യർഥിച്ചു.
ഒമാനിൽ ബാർകോഡുകളില്ലാത്ത കളിക്കോപ്പുകൾ വിൽക്കുന്നത് നിയമവിരുദ്ധമാണ്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകൾ പ്രകാരം എല്ലാ കളിക്കോപ്പുകളിലും നിർബന്ധമായും ഗൾഫ് കൺഫോമിറ്റി മാർക്കും (ജി മാർക്ക്) ഒപ്പം ബാർകോഡ്/ക്യുആർ കോഡും നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

