കുട്ടികളുടെ ഓൺലൈൻ സുരക്ഷ; പൊതുജന സംവാദവുമായി ടെലികോം അതോറിറ്റി
text_fieldsമസ്‌കത്ത്: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച പൊതുജനങ്ങളുമായി സംവാദം സംഘടിപ്പിക്കാനൊരുങ്ങി ഒമാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി.ഡിജിറ്റൽ ലോകത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സ്വീകരിക്കുകയുമാണ് ലക്ഷ്യം.
‘ഡിജിറ്റൽ പരിസ്ഥിതിയിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ക്രിയാത്മക സംവാദം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ രക്ഷിതാക്കൾ, അക്കാദമിക് വിദഗ്ധർ, ടെലികോം സേവന ഉപയോക്താക്കൾ, മറ്റ് ബന്ധപ്പെട്ട മേഖലകളിലെ പ്രതിനിധികൾ എന്നിവർക്കും പങ്കെടുക്കാം.ഡിജിറ്റൽ ലോകത്തെ രക്ഷാകർതൃത്വം, കുട്ടികൾക്കുള്ള ബോധവത്കരണവും മാർഗനിർദേശവും, കുട്ടികൾക്കായുള്ള പ്രാദേശിക ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ വികസനം, ഓൺലൈൻ മേഖലയിലെ അപകടസാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള മാർഗങ്ങളും സംവാദത്തിൽ പരിഗണിക്കും.കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുജനങ്ങളിൽനിന്നും വിദഗ്ധരിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ ഭാവിയിലെ നയങ്ങളും നിയന്ത്രണ ചട്ടങ്ങളും രൂപപ്പെടുത്താൻ സഹായിക്കും.പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://eqp.datamining.om/estebyan/52c69af8e8454600ba9e6c050515f642 ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

