കുരുന്നുകൾക്ക് കളിയരെങ്ങാരുക്കി ബാലോത്സവം
text_fieldsസലാല: കുരുന്നുകൾക്ക് കളിയരെങ്ങാരുക്കി മലർവാടി ബാലസംഘം സലാല സംഘടിപ്പിച്ച ബാലോത്സവം കൊടിയിറങ്ങി. സലാല പബ്ലിക് പാർക്കിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ് കുട്ടികളുടെ ഉത്സവം ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം രക്ഷാധികാരിയും ഐ.എം.ഐ പ്രസിഡൻറുമായ കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു.
നാലു മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികളെ നാല് വിഭാഗങ്ങളായി തിരിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെയാണ് മത്സരങ്ങൾ നടത്തിയത്. കിഡ്സ് വിഭാഗത്തിൽ വാക്ക് നിർമാണം, രുചിച്ച് പറയാം, ഷൂട്ട് ഔട്ട്, ബൗളിങ്, മാലകോർക്കൽ, നേച്ചർ വീൽ, ബട്ടൺ ഇൻ എ മിനിറ്റ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഗെയിമുകളിൽ കുട്ടികൾ മാറ്റുരച്ചു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മരംകയറൽ, രുചിച്ച് പറയാം, മെമ്മറി ടെസ്റ്റ്, ബാസ്കറ്റ് ബാൾ, സ്ലോ മാർച്ച്, ഹാൻറ്കുലേറ്റർ, അമ്മ മലയാളം, ബ്ലോ ആൻഡ് പിക്, റോപ്പ് വാക്, ഫോൾഡ് ആൻഡ് ഓർഡർ, ബാൾ ബൗൺസറിങ്, നട്ട്സ് സ്റ്റേക്കർ, വേർഡ് ഫോമിങ്, ഹിറ്റ് ആൻഡ് വിൻ, ഷൂട്ടൗട്ട്, തൊട്ട് പറയാം, റിങ് ത്രോ, ക്ലിപ് ആൻഡ് പിക്ക് എന്നിങ്ങനെ 18 ഇനങ്ങളിലാണ് മത്സരാർഥികൾ മാറ്റുരച്ചത്. അൽഹന, അബ്ദുല്ല ഹാറൂൻ, ഹന്ന മെഹ്ബിൻ (കിഡ്സ്), ഫാത്തിമ ഫിദ, പി.പി. മുഹമ്മദ്, ഷെർഹാൻ (സബ്ജൂനിയർ), മുഹമ്മദ് ഷംലാൽ, അവിനാഷ് അശോക്, കെ.വി. സ്വാതി (ജൂനിയർ), അഫ്‌നാൻ അസ്‌ലം, ജസീം, മിഷാൽ മുഹ്‌സിൻ(സീനിയർ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ ഇന്ത്യൻ വെൽഫെയർ ഫോറം സലാല പ്രസിഡൻറ് യു.പി. ശശീന്ദ്രൻ, ഐ.എം.ഐ പ്രസിഡൻറ് കെ. മുഹമ്മദ് സാദിഖ്, അൽ ദല്ല ട്രേഡിങ് കമ്പനി എം.ഡി കബീർ കണമല, ഐ.എം.ഐ വനിത വിങ് പ്രസിഡൻറ് ഉമ്മുൽ വാഹിദ എന്നിവർ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
ഉച്ചക്കുശേഷം നടന്ന കരോക്കെ ഗാനമേളയിൽ നിരവധി കുരുന്നുകൾ ഗാനങ്ങൾ അവതരിപ്പിച്ചു. ബാലോത്സവം കൺവീനർ യു.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. കോ-കൺവീനർമാരായ സലീൽ ബാബു, ഷജിൽ ബിൻ ഹസൻ, നൗഷാദ് മൂസ, യാസ്മിൻ എന്നിവർ നേതൃത്വം നൽകി. കെ. ഷൗക്കത്തലി മാസ്റ്റർ നിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
