തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുട്ടിക്കാല ഓർമ
text_fieldsഷാനവാസ് കറുകപുത്തൂർ, മത്ര
‘‘...വലിയവർ കൊടിക്കാൽ നാട്ടാൻ വേണ്ടി കുഴിയെടുക്കുമ്പോൾ ചിരട്ടകൊണ്ട് മണ്ണ് വാരലാണ് എന്നെപ്പോലെയുള്ളവരുടെ അന്നത്തെ ജോലി. ഇന്നത്തെ പോലെ അന്ന് ഫ്ലക്സുകൾ ഇല്ലാത്ത കാലമാണ്. സൈക്കിളിന്റെ ടയറിൽ ചാക്ക് തുന്നി ചേർത്താണ് അന്ന് വലിയ പോസ്റ്റുകൾ ഒട്ടിക്കാറ്. പിന്നീട് ടി.എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനായി വന്നതിനുശേഷമാണ് പബ്ലിക് സ്ഥലങ്ങളിൽ കൊടി തോരണങ്ങൾ കെട്ടുന്നത് നിരോധിച്ചത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഡിജിറ്റലായതിനാൽ അന്നത്തെ ബുദ്ധിമുട്ടൊന്നും ഇന്നില്ല...’’
25 വർഷമായി ഒമാനിൽ ബേക്കറി സെയിൽസിൽ ജോലി ചെയ്യുന്നു. പാലക്കാട് ജില്ലയിൽ തൃത്താല നിയോജക മണ്ഡലം തിരുമിറ്റക്കോട് പഞ്ചായത്ത് കറുകപുത്തൂരാണ് എന്റെ വീട്. തെരഞ്ഞെടുപ്പ് കാലമായിക്കഴിഞ്ഞാൽ അന്നൊക്കെ റോഡിന്റെ ഇരുവശങ്ങളിലുമാണ് കൊടിതോരണങ്ങൾ കെട്ടാറ്. വലിയവർ കൊടിക്കാൽ നാട്ടാൻ വേണ്ടി കുഴിയെടുക്കുമ്പോൾ ചിരട്ടകൊണ്ട് മണ്ണ് വാരലാണ് എന്നെപ്പോലെയുള്ളവരുടെ അന്നത്തെ ജോലി. ഇന്നത്തെപ്പോലെ അന്ന് ഫ്ലക്സുകൾ ഇല്ലാത്ത കാലമാണ്. സൈക്കിളിന്റെ ടയറിൽ ചാക്ക് തുന്നി ചേർത്താണ് അന്ന് വലിയ പോസ്റ്ററുകൾ ഒട്ടിക്കാറ്. പിന്നീട് ടി.എൻ. ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനായി വന്നതിനുശേഷമാണ് പൊതുസ്ഥലങ്ങളിൽ കൊടിതോരണങ്ങൾ കെട്ടുന്നത് നിരോധിച്ചത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഡിജിറ്റലൈസേഷനായതിനാൽ അന്നത്തെ ബുദ്ധിമുട്ടൊന്നും ഇന്നില്ല. ഗാന്ധിജിയുടെ സ്വപ്നമായിരുന്ന ഗ്രാമ സ്വരാജ് നടപ്പാക്കാൻ രാജീവ് ഗാന്ധി ഗവൺമെന്റ് കൊണ്ടുവന്ന പഞ്ചായത്തീരാജ് നഗരപാലിക ബില്ല് നിയമമായി വന്ന് ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഓർമയിൽ വരുന്നത്.
1995ലെ തെരഞ്ഞെടുപ്പായിരുന്നു അത്. തിരുമിറ്റക്കോട് പഞ്ചായത്ത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ്. വാശിയേറിയ മത്സരം നടക്കാറുണ്ടെങ്കിലും ഐക്യമുന്നണി പരാജയപ്പെടാറാണ് പതിവ്. ഇപ്പോൾ അതിനൊക്കെ ഒരു മാറ്റം വന്നിരിക്കുന്നു. 1995ലെ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് കാഴ്ചവെച്ചത്. അന്നൊക്കെ സ്ഥാനാർഥി ആവാൻ പല പ്രമുഖരെയും നാലും അഞ്ചും പ്രാവശ്യം ചെന്ന് കണ്ടു സംസാരിച്ചതിനുശേഷമേ മത്സരത്തിന് സ്ഥാനാർഥികളെ കിട്ടൂ. ആർക്കും സ്ഥാനാർഥിയാവാൻ താൽപര്യമുണ്ടാവില്ല. ഇന്ന് അങ്ങനെയല്ല. സ്ഥാനാർഥിയാവാൻ ആദ്യം പാർട്ടിയിൽ മത്സരിക്കണം. പിന്നീട് സ്ഥാനാർഥിയായി ജനങ്ങളുടെ അംഗീകാരത്തിന് വേണ്ടിയുള്ള മത്സരം. അങ്ങനെ രണ്ടുമത്സരം. ഇപ്പോൾ എല്ലാവർക്കും സ്ഥാനാർഥിയാവണം . 1995ലെ തെരഞ്ഞെടുപ്പിൽ ബൂത്ത് ഏജന്റായും കൗണ്ടിങ് ഏജന്റായും നിൽക്കാൻ കഴിഞ്ഞു. വാശിയേറിയ മത്സരം നടന്നെങ്കിലും ഐക്യമുന്നണി പരാജയപ്പെടുകയാണ് ഉണ്ടായത്.
അന്ന് ഇന്നത്തെ പോലെ വോട്ടിങ് മെഷീൻ അല്ല ബാലറ്റ് പേപ്പർ ആണ്. ഫലം വരാൻ ഒരുപാട് സമയം എടുക്കും. കൗണ്ടിങ് ഏജന്റായി രാവിലെ പോയിട്ട് പിറ്റേദിവസം പുലർച്ചയാണ് വീട്ടിലെത്തിയത്. വിജയം പ്രതീക്ഷിച്ച സ്ഥാനാർഥികളെല്ലാം പരാജയപ്പെടുകയായിരുന്നു.
വീട്ടിലെത്തുമ്പോഴേക്കും സി.പി.എമ്മിന് വേണ്ടി പ്രവർത്തിക്കുന്ന എന്റെ കൂട്ടുകാർ രണ്ട് റൗണ്ട് വീടിനുസമീപം പടക്കംപൊട്ടിച്ചു പോയിരുന്നു. എന്റെ കൂട്ടുകാർ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരാണ്. ആദർശപരമായി രണ്ടുമുന്നണികൾ ആണെങ്കിലും സൗഹൃദത്തിനും സ്നേഹത്തിനും ഒരു കുറവുമില്ല. അത് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് അതിലും വീറും വാശിയും കൂടിയതാണ്. ഭരണം തിരിച്ചുപിടിക്കും എന്നുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. സി.പി.എമ്മിന്റെ കോട്ടയായ തിരുമിറ്റക്കോട് പഞ്ചായത്ത് 2010ലെ തെരഞ്ഞെടുപ്പിലാണ് ഐക്യമുന്നണി തിരിച്ചുപിടിച്ചത്. നിരവധി വികസനപ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞുവെങ്കിലും പറ്റേ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടമായി. ഇപ്രാവശ്യം ഐക്യജനാധിപത്യമുന്നണി തിരുമിറ്റക്കോട് പഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

