മുഖ്യമന്ത്രിയുടെ സലാല സന്ദർശനം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
text_fieldsവ്യാഴാഴ്ച വൈകീട്ട് മസ്കത്തിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
സലാല: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സലാലയിലെ പരിപാടിക്കായി ഒരുക്കം പുരോഗമിക്കുന്നതായി സംഘാടകർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. മസ്കത്തിലെത്തിയ മുഖ്യമന്ത്രി ശനിയാഴ്ച വൈകീട്ടോടെയാണ് സലാലയിൽ എത്തുക. മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ശനിയാഴ്ച വൈകീട്ട് 6.30ന് സലാല അൽ ഇത്തിഹാദ് സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കേരള വിങ് സംഘടിപ്പിക്കുന്ന ‘പ്രവാസോത്സവം 2025’ ആരംഭിക്കും. മുഖ്യമന്ത്രിയെ കൂടാതെ കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസുഫലി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
സലാലയിലെ പ്രവാസോത്സവം മുന്നൊരുക്കം സംബന്ധിച്ച് സംഘാടകർ വിളിച്ചുചേർത്ത വാർത്തസമ്മേളനം
വൈകീട്ട് 6.30 മുതൽ കലാപരിപാടികൾക്ക് തുടക്കമാവും. എട്ട് മണിയോടെ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ എത്തും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയടക്കമുള്ള അതിഥികളെ വരവേൽക്കും. വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും ഉൾപ്പെട്ട നൂറ്റി ഒന്നംഗ സ്വാഗതസംഘം ഒരുക്കങ്ങൾ പൂർത്തിയാക്കിവരുകയാണ്. മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചെറു വിഡിയോകളും ആശംസ കാർഡുകളുമായി കുട്ടികൾ അടക്കമുള്ളവർ പ്രചാരണ രംഗത്ത് സജീവമാണ്. ഇവിടെ ലഭിക്കുന്ന നിവേദനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സംഘാടകർ പറഞ്ഞു.
സമ്മേളനനഗരിയിൽ മലയാളം മിഷന്റെ പവലിയൻ ഒരുക്കുന്നുണ്ട്. പ്രവാസോത്സവത്തിന്റെ ഉദ്ഘാടനത്തിനുശേഷം മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് മലയാളം മിഷൻ, ലോക കേരളസഭ, കേരള വിങ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ, കൺവീനർ എ.കെ. പവിത്രൻ, രക്ഷാധികാരികളായ രാകേഷ് കുമാർ ജാ, പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, കേരള വിങ് ഒബ്സർവർ പ്രവീൺ, കേരള വിങ് കൺവീനർ സനീഷ് ചക്കരക്കൽ, ഷെമീന അൻസാരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

