മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 23 മുതൽ
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഒമാനിലെ പ്രവാസിസമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്കാരിക സംഗമം ‘ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ’ (ഐ.സി.എഫ്) വീണ്ടുമെത്തുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ 23, 24, 25 തീയതികളിൽ മസ്കത്തിലെ ആമീറാത്ത് പാർക്കിൽ നടക്കുമെന്ന് സംഘാടകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഗൾഫാർ എൻജിനീയറിങ് ഫൗണ്ടർ ചെയർമാൻ ഡോ. പി. മുഹമ്മദലി, ഒമാനിലെ ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള പ്രമുഖർ തുടങ്ങി ശ്രദ്ധേയ വ്യക്തിത്വങ്ങൾ അതിഥികളായെത്തും. ‘ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്' ആണ് ഇക്കൊല്ലത്തെ ഐ.സി.എഫിന്റെ പ്രായോജകർ. പ്രവാസികളും സ്വദേശികളുമുൾപ്പടെ എഴുനൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിയിൽ ഒമാനി തദ്ദേശീയ നൃത്തകലാരൂപങ്ങളും ഇന്ത്യയിലെ വിവിധ ഭാഷാപ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകസമാധാനം മുൻനിർത്തി, ‘മനുഷ്യത്വമുള്ളവരാകാം, സമാധാനം പുലരട്ടെ’ എന്ന പ്രമേയം ഉൾക്കൊണ്ടാണ് പരിപാടികൾ അണിയിച്ചൊരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. കേരളത്തിലെ പ്രമുഖ മ്യൂസിക് ബാൻഡായ ‘കനൽ’ ടീം അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇത്തവണത്തെ ഐ.സി.എഫിന്റെ മുഖ്യ ആകർഷണമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ വിൽസൺ ജോർജ് ചെയർമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ കൺവീനറും കെ.കെ. സുനിൽ കുമാർ വൈസ് ചെയർമാനുമായി 50 അംഗ സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഐ.സി.എഫിനോടനുബന്ധിച്ച് മസ്കത്ത് സയൻസ് ഫെസ്റ്റിന്റെ നേതൃത്വത്തിൽ ഒമാനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ശാസ്ത്രപ്രചാരകനായ രതീഷ് കൃഷ്ണനാണ് ശാസ്ത്രമേളയിൽ മുഖ്യാതിഥിയായെത്തുന്നത്.2014 വരെ ‘കേരളോത്സവം’ എന്ന പേരിൽ അരങ്ങേറിയിരുന്ന പരിപാടിയിൽ നാട്ടിലെ ഉത്സവാന്തരീക്ഷത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
ഐ.സി.എഫ് ചെയർമാൻ വിൽസൻ ജോർജ്, വൈസ് ചെയർമാൻ കെ.കെ. സുനിൽ കുമാർ, കൺവീനർ അജയൻ പൊയ്യാറ, ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കോ കൺവീനർ കെ. ജഗദീഷ്, ട്രഷറർ സുനിത്ത് തുടങ്ങിയവരോടൊപ്പം കേരള വിങ് മാനേജ്മെന്റ് അംഗങ്ങളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

