മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി; സ്വീകരിച്ച് പ്രവാസലോകം
text_fieldsമസ്‌ക്കത്ത്: മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. വ്യാഴാഴ്ച ഉച്ചക്ക് 12ന് മസ്‌ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, ഒമാനിലെ വ്യവസായപ്രമുഖർ തുടങ്ങിയവർ സ്വീകരണത്തിനെത്തിയിരുന്നു.
നീണ്ട 26 വർഷങ്ങൾക്കു ശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി മസ്ക്കത്തിലെത്തുന്നത്. 1999ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഒമാൻ സന്ദർശിച്ചിരുന്നു.
ശനിയാഴ്‌ച വൈകീട്ട് 7.30 ന് സലാലയിൽ ഐ.എസ്.സി കേരള വിങ് ഇത്തിഹാദ് മൈതാനിയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദർശിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാൻ. ഈ മാസം 17ന് അദ്ദേഹം ബഹ്‌റൈൻ സന്ദർശിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മസ്ക്കത്തിലെ അമീറാത്ത് മുനിസിപ്പൽ പാർക്കിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ’ എന്ന സന്ദേശവുമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടക്കുന്നത്. ആമിറാത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നുമുള്ള കലാ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും.
മേളയിൽ വിവിധ സ്റ്റാളുകളും ഒരുക്കും.
ഭക്ഷണ-പുസ്തക-വസ്ത്ര-ആഭരണ-അലങ്കാര സ്റ്റാളുകൾ, മലയാളം മിഷൻ, മാധ്യമം പവലിയനുകൾ തുടങ്ങി ആകർഷക ഉത്സവ വേദിയായി ഐ.സി.എഫ് മാറും. നവോത്ഥാന നായകർ, സ്വാതന്ത്ര്യ സമരസേനാനികൾ, കേരളത്തിലെ തനത് സാംസ്കാരിക ബിംബങ്ങൾ, നാടൻ കലാരൂപങ്ങൾ, കലശം-കാവടി തുടങ്ങി കുട്ടികളും സ്ത്രീകളും ഉൾപ്പടെ പങ്കെടുക്കുന്ന ഘോഷയാത്ര പരിപാടിക്ക് അഴകേറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

