കോഴിയിറച്ചി ഉൽപാദനം: സ്വയം പര്യാപ്തതയുടെ വഴിയിൽ രാജ്യം
text_fieldsമസ്കത്ത്: കോഴിയിറച്ചി ഉൽപാദന രംഗത്ത് ഒമാന് 51 ശതമാനം സ്വയം പര്യാപ്തത. കൃഷി-മത്സ്യ വിഭവ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഒമാനിലെ കോഴിയിറച്ചി ഉൽപാദനം നിലവിൽ 1.11 ലക്ഷം ടണ്ണായി ഉയർന്നതായി പറയുന്നു. ഇത് മൊത്തം ആവശ്യത്തിെൻറ 51 ശതമാനമാണ്. മുട്ട ഉൽപാദനത്തിലും വൻ വളർച്ചയാണ് ഒമാൻ നേടുന്നത്. മൊത്തം മുട്ടയുടെ 62 ശതമാനം ഒമാനിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
22,000 ടൺ മുട്ടയാണ് ഒമാനിൽ ഉൽപാദിപ്പിക്കുന്നതെന്നും മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു. ഒമാനിലെ ഭൂപ്രകൃതിയും ജനവാസമില്ലാത്ത പ്രദേശങ്ങളും കോഴി വളർത്തലിനും മുട്ട ഉൽപാദനത്തിനും ഏറെ അനുയാജ്യമാണ്. ഇതിനാൽ നിരവധി വൻകിട കമ്പനികളാണ് അടുത്തിടെ ഇൗ മേഖലയിലേക്ക് വന്നത്.
2014 മുതലാണ് കോഴി ഉൽപാദന മേഖലയിൽ ഒമാൻ വളർച്ച കൈവരിക്കാൻ തുടങ്ങിയത്. 2014ന് മുമ്പ് പത്ത് ശതമാനത്തിൽ താഴെ മാത്രമായിരുന്നു ഉൽപാദനം. 2014ന് ശേഷമാണ് ഇൗ മേഖലയിലേക്ക് വൻകിട ഉൽപാദന കമ്പനികൾ എത്തിയത്. സൊഹാർ പൗൾട്രി ഫാം, അൽ ബർക ഫാം, അൽ സൈൻ ഫാം, മോഡേൺ പൗൾട്രി ഫാം, ദോഫാർ പൗൾട്രി ഫാം, അൽ നാമാ പൗൾട്രി പ്രൊജറ്റ്, അൽ സഫാ പൗൾട്രി ഫാം എന്നിവയാണ് ഒമാനിലെ വൻകിട കോഴിയിറച്ചി ഉൽപാദന കേന്ദ്രങ്ങൾ. ഇവയിൽ പലതും ജി.സി.സി രാജ്യങ്ങളിലേക്ക് കോഴിയിറച്ചിയും മുട്ടയും കയറ്റി അയക്കുന്നുമുണ്ട്. ഇബ്രിയിൽ 100 ദശലക്ഷം റിയാൽ ചെലവിൽ നിർമിക്കുന്ന വൻകിട കോഴിയിറച്ചി ഉൽപാദന കേന്ദ്രമായ അൽ നാമാ പോൾട്രി േപ്രാജക്ടിന് കാർഷിക, മത്സ്യ വിഭവ മന്ത്രി തറക്കല്ലിട്ടിരുന്നു. അറബ് ലോകത്തെതന്നെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപാദന പദ്ധതികളിൽ ഒന്നാണിത്.
സർക്കാർ പങ്കാളിത്തത്തോടെ നിർമിക്കുന്ന ഇൗ പദ്ധതി ഭാവിയിൽ ഒമാനിലെ കോഴി ഉൽപാദന രംഗത്തെ ഏറ്റവും വലിയ ഉൽപാദകരായി മാറും. ആദ്യ അഞ്ച് വർഷത്തിനുള്ളിൽ 66,000 ടൺ കോഴി ഇറച്ചി ഉൽപാദിപ്പിക്കാൻ പദ്ധതിക്ക് കഴിയും. 2030 ആവുേമ്പാഴേക്ക് ഒമാനിലെ കോഴി ഉൽപാദനത്തിന് 70 ശതമാനം സ്വയം പര്യാപ്ത കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തുംറൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ സഫ ഫാമിൽ ദിവസവും രണ്ട് ലക്ഷം േകാഴികളെ അറുക്കുന്നുണ്ട്. ഒമാനിലെ ആഭ്യന്തര വിപണിക്കൊപ്പം ഇറാഖ് അടക്കമുള്ള അയൽ രാജ്യങ്ങളിലേക്കും അൽ സഫ ചിക്കൻ കയറ്റി അയക്കുന്നുണ്ട്. ഒമാനിലെ 60 ശതമാനത്തിലധികവും ജനവാസമില്ലാത്തതാണ് കോഴി ഉൽപാദകർക്ക് അനുഗ്രഹമാവുന്നത്. കോഴി ഫാമുകൾക്ക് ജനവാസ കേന്ദ്രങ്ങളിൽനിന്ന് വിട്ടുമാത്രമാണ് അനുവാദം ലഭിക്കുന്നത്. അതോടൊപ്പം വെള്ളമടക്കമുള്ള സൗകര്യങ്ങളും പല മേഖലകളിലും ലഭ്യമാണ്.
മറ്റ് ഗൾഫ് രാജ്യങ്ങളിലൊന്നും അത്ര ലഭ്യമല്ലാത്ത ഇൗ സൗകര്യമാണ് കോഴി ഫാമുകൾക്ക് അനുഗ്രഹമാവുന്നത്. സർക്കാറിൽ നിന്ന് ചെറുകിട ഫാമുകൾക്കും മറ്റും പിന്തുണയും ലഭിക്കുന്നുണ്ട്. 2006ന് മുമ്പ് ഒമാനിൽ ചെറുകിട കമ്പനികൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് 30 വർഷമായി കോഴി ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന സുൈവഖിലെ അൽ ഫാവ് പൗൾട്രി ഫാം കമ്പനി മാനേജിങ് ഡയറക്ടർ ഇബ്റാഹീം ഹസൻ പറയുന്നു. 1990ലാണ് കമ്പനി സ്ഥാപിച്ചത്.
അന്ന് വിരലിലെണ്ണാവുന്ന കോഴിഫാമുകൾ മാത്രമാണുണ്ടായിരുന്നത്. അവയെല്ലാ ചെറുകിട കമ്പനികളുമായിരുന്നു. അവയിൽ റിമ പോൾട്രി അടക്കമുള്ള പലതും പൂട്ടിപ്പോയതായും അദ്ദേഹം പറഞ്ഞു. 2006ൽ കടകളിൽതന്നെ കോഴികളെ അറുത്ത് കഷണമാക്കി കൊടുക്കുന്ന രീതിയാണുണ്ടായിരുന്നത്. എന്നാൽ, ഇതിന് ശേഷം അറവിനും പാക്കിങ്ങിനുമായി പ്രത്യേക ലൈസൻസ് നിലവിൽ വരുകയും ഇത് ഫാമുകൾക്ക് തന്നെ നൽകുകയുമായിരുന്നു. അതിന് ശേഷമായി ഇന്നത്തെ രീതിയിലുള്ള അറുത്ത് പാക്ക് ചെയ്ത കോഴികളെ ലഭിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
2012ന് ശേഷമാണ് ഇൗ മേഖലയിൽ വൻ കുതിച്ചുചാട്ടം ആരംഭിച്ചത്. വൻകിട കമ്പനികളുടെ വരവ് ഇൗ മേഖലയിൽ വൻ മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്്. ഇത് ചെറുകിട കമ്പനികളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്ന് വരുന്ന കമ്പനികളാണ് പ്രധാന വെല്ലുവിളിയുണ്ടാക്കുന്നത്. സൗദിയിൽ നിന്നുൽപാദിപ്പിക്കുന്ന അൽ മറായി കമ്പനിയുടെ അൽ യൗം ചിക്കൻ സ്വദേശി കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്തിക്കൊണ്ട് അടുത്തിടെയാണ് മാർക്കറ്റിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാൽ ഉൽപന്നങ്ങളടക്കം നിരവധി ഭക്ഷ്യ ഉൽപനങ്ങളുള്ള കമ്പനിയാണിത്. ഇത്തരം കമ്പനികളുടെ വരവ് സ്വദേശി കമ്പനികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇബ്റാഹീം ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
