വിദേശികളുടെ തൊഴിൽ പദവി മാറ്റൽ: അവസാന തീയതി നീട്ടി
text_fieldsമസ്കത്ത്: വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി നീട്ടി. ജനുവരി 21 വരെയാണ് നീട്ടി നൽകിയത്. തൊഴിൽ മന്ത്രാലയം ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ് മുതലാണ് തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്. ഇത് ജനുവരി ആറിന് അവസാനിക്കേണ്ടതായിരുന്നു.
വിസാവിലക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർ ലഭ്യമായിട്ടുള്ള മറ്റ് പ്രഫഷനുകളിലേക്ക് മാറണം. അല്ലാത്തപക്ഷം നിലവിലുള്ള െറസിഡൻറ് കാർഡിെൻറ കാലാവധി കഴിയുന്നപക്ഷം അത് പുതുക്കിനൽകില്ല.
സനദ് സെൻററുകളിൽ ബന്ധപ്പെട്ടാൽ വിസാവിലക്കുള്ള തസ്തികയാണോ എന്നത് അറിയാം. ഇത് മാറ്റുന്നതിനായി സ്പോൺസറുടെ തിരിച്ചറിയൽകാർഡ് സഹിതം സനദ് സെൻററുകളിൽ ചെന്നാൽ മതി. ഒാൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആർ.ഒ.പി സേവനകേന്ദ്രങ്ങളിലെത്തി തിരിച്ചറിയൽ കാർഡുകൾ മാറ്റിവാങ്ങണം.
അവസാന തീയതി നീട്ടിയതിെൻറ ആശ്വാസത്തിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ. സെയിൽസ്, പർച്ചേഴ്സ് വിഭാഗങ്ങളിൽ റെപ്രസേൻററ്റീവ്, പ്രമോട്ടർ തസ്തികകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിക്കുന്നത്. പലരും തസ്തിക മാറ്റിവാങ്ങി കഴിഞ്ഞെങ്കിലും മാറ്റാത്തവർ നിരവധിയാണ്. അവസാന സമയത്താണ് പലരും തൊഴിൽ മന്ത്രാലയത്തിെൻറ ഉത്തരവിെൻറ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്. കഴിഞ്ഞ ജനുവരി മൂന്നു മുതൽ ധാരാളം പേർ സനദ് സെൻററുകളിൽ എത്തിയിരുന്നെങ്കിലും സിസ്റ്റം പ്രവർത്തനസജ്ജമല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പുതുവർഷത്തിെൻറ ഭാഗമായ അപ്ഡേഷൻസ് നടക്കുന്നതിനാലാണ് ഇതെന്നാണ് പറഞ്ഞതെന്ന് ചില വ്യാപാരികൾ പറഞ്ഞു. ഇതേ തുടർന്ന് അവസാന തീയതി അടുത്തതോടെ പലരും മാനസിക സമ്മർദത്തിലായിരുന്നു. അവസാന ദിവസം തീയതി നീട്ടിയുള്ള ഉത്തരവ് ആളുകൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. ഒാരോരുത്തരുടെയും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താഴ്ന്ന തസ്തികകളിലേക്കാണ് വിസ മാറ്റി നൽകുന്നത്. ഭാവിയിൽ വിലക്ക് മുന്നിൽ കണ്ട് നിലവിൽ വിലക്ക് ബാധകമല്ലാത്ത ഉയർന്ന തസ്തികകളിൽനിന്ന് താഴ്ന്ന തസ്തികകളിലേക്ക് മാറിയവരും നിരവധിയുണ്ട്.
ബിസിനസിെൻറ ലൈസൻസ് മാനദണ്ഡങ്ങൾപ്രകാരം വിദേശ തൊഴിലാളികളെ ഒരു സ്ഥാപനത്തിന് കീഴിലുള്ള ഒരു ആക്ടിവിറ്റിയിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഇപ്പോൾ അനുമതി നൽകുന്നുണ്ട്. അംഗീകൃത തൊഴിൽ കരാറിെൻറ അടിസ്ഥാനത്തിലുള്ള വിദേശ തൊഴിലാളികളുടെ വേതനം ഭേദഗതി ചെയ്യാനും ഇപ്പോൾ അപേക്ഷിക്കാം. വിദേശ തൊഴിലാളികളെ ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാനും നിബന്ധനകൾക്ക് വിധേയമായി തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നുണ്ട്. തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ തൊഴിലുടമകൾ വിനിയോഗിക്കണമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

