ഒമാനിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക്-വടക്ക് ശർഖിയ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ദഹിറ എന്നീ ഗവർണറേറ്റുകളുടെ പർവ്വത പ്രദേശങ്ങളിൽ വൈകുന്നേരം ഏഴുവരെ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്.
വിവിധ ഇടങ്ങളിൽ പത്ത് മുതൽ 30 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിന്റെ അടമ്പടിയോടെയായിരിക്കും മഴ. മണിക്കൂറിൽ 37മുതൽ 83 കി.മീറ്റർവേഗതയിലായിരിക്കും കാറ്റ് വീശുക. വാദികൾ നിറഞ്ഞൊഴുകും. ആലിപ്പഴവും വർഷിക്കും. ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് സുൽത്താനേറ്റിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. റുസ്താഖ്, സമാഈൽ, സുഹാർ, ജബൽ ശംസ്, ഇബ്രി, ഖാബൂറ എന്നിവിടങ്ങളിലും ചില ഉൾപ്രദേശങ്ങളിലാണ് മഴ അനുഭവപ്പെട്ടത്. പലയിടങ്ങളിലും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ. വാദികൾ നിറഞ്ഞൊഴുകിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സറാത്ത് ഇബ്രി പർവതത്തിൽ ആലപ്പഴത്തോടൊപ്പമുള്ള മഴയാണ് ലഭിച്ചത്.
വാദി ബനി ഗാഫിറിൽ മലവെള്ളം ഇരമ്പിയെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈകീട്ടോടെയാണ് പലയിടത്തും മഴ കനത്തത്. എന്നാൽ, തലസ്ഥാന നഗരിയിലടക്കം മറ്റ് പ്രദേശങ്ങളിൽ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

