ചേംബർ പ്രതിനിധികൾ ദുകം സാമ്പത്തിക മേഖല സന്ദർശിച്ചു
text_fieldsഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രിയുടെ വടക്കൻ ശർഖിയ ബ്രാഞ്ചിൽനിന്നുള്ള പ്രതിനിധികൾ ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി പ്രതിനിധികൾ ദുകമിലെ (സെസാദ്) പ്രത്യേക സാമ്പത്തിക മേഖല സന്ദർശിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രിയുടെ വടക്കൻ ശർഖിയ ബ്രാഞ്ചിൽനിന്നുള്ള 13 അംഗ സംഘങ്ങളാണ് സെസാദിലെ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാനും സോണിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികളുടെ ഉദ്യോഗസ്ഥരെ കാണാനുമായി എത്തിയത്. അൽ വുസ്ത ഗവർണറേറ്റിലെ ചേംബറിന്റെ ബ്രാഞ്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സെസാദിനെക്കുറിച്ചും വ്യവസായികൾക്കും നിക്ഷേപകർക്കും നൽകുന്ന പ്രോത്സാഹനങ്ങൾ, നേട്ടങ്ങൾ, സൗകര്യങ്ങൾ എന്നിവയെപ്പറ്റിയും പ്രതിനിധിസംഘത്തിന് വിശദീകരിച്ചു. ഇതിനകം വികസിപ്പിച്ചെടുത്തതും നിർമാണത്തിലിരിക്കുന്നതുമായ വിവിധ തന്ത്രപ്രധാന പദ്ധതികളെയും പരിചയപ്പെടുത്തി. സോണിൽ പ്രവർത്തിക്കുന്ന പ്രോജക്ടുകളെയും കമ്പനികളെയും അടുത്തറിയുക എന്നതാണ് സെസാദ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡെപ്യൂട്ടി ചെയർമാനും വടക്കൻ ശർഖിയ ഗവർണറേറ്റിലെ ചേംബറിന്റെ ബ്രാഞ്ച് ചെയർമാനുമായ അലി ബിൻ സലീം അൽ ഹജ്രി പറഞ്ഞു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ സ്വകാര്യ മേഖലക്ക് സാധ്യമായ നിക്ഷേപസാധ്യതകളും വ്യത്യസ്ത സൗകര്യങ്ങളും നടപടിക്രമങ്ങളും പര്യവേക്ഷണം ചെയ്യുന്നതും വിജയകരമായ ബിസിനസ് പങ്കാളിത്തങ്ങൾ രൂപവത്കരിക്കുന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. അസ്യാദ് ഡ്രൈ ഡോക്ക് കമ്പനി, പോർട്ട് ഓഫ് ദുകം, കർവ മോട്ടോഴ്സ് തുടങ്ങി സെസാദിലെ നിരവധി പദ്ധതികളും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

