ദോഫാറിൽ കഴിഞ്ഞ വർഷം 'ചാകര'
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ദോഫാർ ഗവർണറേറ്റിൽനിന്ന് മാത്രം പിടികൂടിയത് 83,753 ടൺ മത്സ്യങ്ങൾ.3.6 കോടി റിയാൽ വരുമാനമാണ് ഇതിൽനിന്ന് ലഭിച്ചത്. ഇതിൽ 52 ശതമാനവും കടൽപ്പരപ്പിലെ ചെറുമത്സ്യങ്ങളും 26 ശതമാനം ആഴക്കടൽ മത്സ്യങ്ങളുമാണ്.
കടൽവിഭവങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് മന്ത്രാലയം എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നതായി കൃഷി, മത്സ്യസമ്പത്ത്, ജലവിഭവ മന്ത്രാലയം ഡയറക്ടർ ജനറൽ റാഷിദ് അൽ ഗാഫ്രി പറഞ്ഞു. മത്സ്യവിഭവ പദ്ധതികളും വ്യവസായങ്ങളും ദോഫാർ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ വളർച്ചക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മീൻപിടിത്തക്കാർക്കും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മന്ത്രാലയം കടലിലും കരയിലും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ദോഫാർ ഗവർണറേറ്റിൽ 11,632 മീൻപിടിത്തക്കാരാണ് രജിസ്റ്റർ ചെയ്തത്. ഇവരടക്കം നിരവധി പേർ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ഗതാഗതം, വിപണനം, പ്രത്യേക വ്യവസായ യൂനിറ്റുകൾ, വർക് ഷോപ്പുകൾ, ജെട്ടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷം 4477 മീൻപിടിത്ത ബോട്ടുകളും 79 വലിയ ബോട്ടുകളും സലാലയിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയിരുന്നു. 2015നും 2021നുമിടയിൽ രാജ്യത്തിന്‍റെ മൊത്തം മത്സ്യ ഉൽപാദനത്തിൽ 22.7 ശതമാനം വർധനയുണ്ടായതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

