സീബിൽ സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി വരുന്നു
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ നിർമിക്കുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിക്ക് ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി തറക്കല്ലിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയാണ് സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഏറ്റവും കൃത്യമായ വിശകലനം നൽകുന്നതിന് ലബോറട്ടറി സഹായകമാകും. നിലവിലുള്ള കേന്ദ്രം കഴിഞ്ഞവർഷം അവസാനം വരെ 242,267 വ്യത്യസ്ത പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി 155 ചതുരശ്ര മീറ്ററിലാണ് നിർമിക്കുക. 2025ന്റെ ആദ്യ പകുതിയോടെ പൂർത്തിയാകുന്ന ലാബ് 18.2 ദശലക്ഷം റിയാൽ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2020 ജൂണിൽ, സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുജനാരോഗ്യത്തിനായി പുതിയ കേന്ദ്ര ലബോറട്ടറി സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു.
ലബോറട്ടറിയുടെ പ്രധാന കെട്ടിടത്തിൽ കെമിക്കൽ, ബയോകെമിസ്ട്രി, ബാക്ടീരിയോളജിക്കൽ ലബോറട്ടറികൾ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും അടങ്ങിയ ആധുനിക കെട്ടിടമായിരിക്കും ലബോറട്ടറിക്കായി ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

