Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസമഗ്ര പരിഷ്കാരവുമായി...

സമഗ്ര പരിഷ്കാരവുമായി ഒമാൻ സെൻട്രൽ ബാങ്ക്; ആഭ്യന്തര ഡിജിറ്റൽ പണമിടപാട് നിരക്കുകൾ ഒഴിവാക്കി

text_fields
bookmark_border
സമഗ്ര പരിഷ്കാരവുമായി ഒമാൻ സെൻട്രൽ ബാങ്ക്; ആഭ്യന്തര ഡിജിറ്റൽ പണമിടപാട് നിരക്കുകൾ ഒഴിവാക്കി
cancel

മസ്കത്ത്: രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ വേഗത്തിലാക്കാനും ബിസിനസ് ചെലവുകൾ കുറക്കാനും ലക്ഷ്യമിട്ട് ദേശീയ പണമിടപാട് സംവിധാനങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സെൻട്രൽ ബാങ്ക് (സി.ബി.ഒ). സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം നടപ്പിലാക്കുന്ന പുതിയ ചട്ടങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം വ്യക്തികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (എസ്.എം.ഇകൾ) ബാങ്കിങ് ചാനലുകൾ വഴിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ നടത്തുന്ന ആഭ്യന്തര ഡിജിറ്റൽ പണമിടപാടുകൾക്ക് ഇനി മുതൽ ഒരുവിധ ഫീസും നൽകേണ്ടതില്ല.

ആഭ്യന്തര ഫണ്ട് കൈമാറ്റ സംവിധാനങ്ങളായ ആർ.ടി.ജി.എസ്, ഇ.സി.എസ്, ഇൻസ്റ്റന്റ് പെയ്‌മെന്റ് സിസ്റ്റം (ഐ.പി.എസ്) എന്നിവ വഴി നടത്തുന്ന കൈമാറ്റങ്ങൾക്കാണ് ഈ ഇളവ്. മൊബൈൽ നമ്പറുകളോ അപരനാമങ്ങളോ ഉപയോഗിച്ച് നടത്തുന്ന ഐ.പി.എസ് വഴിയുള്ള വ്യക്തിഗത കൈമാറ്റങ്ങൾ, ഗുണഭോക്താവ് മറ്റ് ബാങ്കുകളിലെ അക്കൗണ്ടുടമകൾ ആണെങ്കിൽ പോലും സൗജന്യമായിരിക്കും. പണത്തിന്റെയും ചെക്കുകളുടെയും ഉപയോഗം കുറച്ച് ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കാനും ബാങ്കുകളുടെ പ്രവർത്തനച്ചെലവ് കുറക്കാനുമാണ് ഈ നടപടി. ബിസിനസ് മേഖലക്കും തൊഴിലുടമകൾക്കും വലിയ ആശ്വാസം നൽകുന്ന മറ്റ് പ്രഖ്യാപനങ്ങളും ഇതോടൊപ്പമുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ വേതന സംരക്ഷണ സംവിധാനത്തിന് (ഡബ്ലിയു.പി.എസ്) കീഴിലുള്ള സ്വകാര്യ കമ്പനികളുടെ ശമ്പള ഫയലുകൾ പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കുകൾക്ക് ഇനി മുതൽ പ്രതിമാസം പരമാവധി ഒരു ഒമാനി റിയാൽ മാത്രമേ ഈടാക്കാൻ അനുവാദമുള്ളൂ.

കൂടാതെ, വ്യാപാരികൾക്ക് വലിയ ആശ്വാസമേകി ക്യു.ആർ കോഡ് ഇടപാടുകളുടെ മർച്ചന്റ് സർവീസ് ചാർജ് 0.75 ശതമാനത്തിൽ നിന്നും 0.50 ശതമാനമായി കുറച്ചു. ഇത് പരമാവധി രണ്ടു റിയാലായി നിജപ്പെടുത്തിയിട്ടുണ്ട്. ഒമാന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക ഉൾപ്പെടുത്തലിനെയും ശക്തിപ്പെടുത്തുന്നതിൽ ഈ തീരുമാനം വലിയൊരു നാഴികക്കല്ലാണെന്ന് സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് അൽ മുസൽമി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Central Bank of Oman introduces major reforms; waives domestic digital transaction fees
Next Story