സി.ബി.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ വിദ്യാർഥികളുടെ പത്ത്, 12 ക്ലാസ് പരീക്ഷകൾ ഇന്നു മുതൽ ആരംഭിക്കും. പെയിൻറിങ്, മ്യൂസിക് തുടങ്ങിയ പാഠ്യാനുബന്ധ വിഷയങ്ങളുടെ പരീക്ഷകളാണ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുക. തിങ്കളാഴ്ച മുതലാണ് പാഠ്യ വിഷയങ്ങളുടെ പരീക്ഷകൾ തുടങ്ങുന്നത്.
തിങ്കളാഴ്ച പത്താം ക്ലാസിന് അറബി, മലയാളം അടക്കമുള്ള വിഷയങ്ങളും 12ാം ക്ലാസിന് ഹിന്ദി പരീക്ഷയുമാണ് നടക്കുക. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും അവസാനിക്കും. ഈ വർഷത്തെ പരീക്ഷ കോവിഡിന് മുമ്പുള്ള അതേരീതിയിലാണ് നടക്കുന്നത്. അതിനാൽ വിദ്യാർഥികൾ പഠനത്തിൽ മുഴുകിയിരിക്കുകയാണ്. ഇവരെ സഹായിക്കാൻ രക്ഷിതാക്കളും ഉറക്കമിളച്ച് രംഗത്തുണ്ട്. പാഠഭാഗങ്ങൾ മുഴുവൻ പരീക്ഷയിൽ ഉൾപ്പെട്ടതിനാൽ കുട്ടികൾ നല്ല ടെൻഷനിലാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പരീക്ഷ എഴുതിയവർക്ക് പരീക്ഷ ഏറെ എളുപ്പമായിരുന്നു.
2021ൽ സ്കൂളുകൾ നൽകുന്ന മാർക്കുകൾ അതേപടി കുട്ടികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം കുറഞ്ഞ പാഠഭാഗങ്ങളിൽനിന്ന് മാത്രമാണ് പരീക്ഷയിൽ ചോദ്യങ്ങൾ വന്നത്. ഘട്ടം ഘട്ടമായാണ് പരീക്ഷകളും നടന്നത്. എന്നാൽ ഈ വർഷം സ്ഥിതിഗതികൾ മാറിയിരിക്കുന്നു. പാഠപുസ്തകത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നും പരീക്ഷയിൽ ചോദ്യങ്ങൾവരും.
അതിനാൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ പരീക്ഷകൾ എഴുതിയവർ വലിയ ഭാഗ്യവാന്മാരാണെന്നാണ് ഈ വർഷം പരീക്ഷ എഴുതുന്ന കുട്ടികൾ പറയുന്നത്. പരീക്ഷകൾക്ക് ഒമാനിലെ ഇന്ത്യൻ സ്കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. പരീക്ഷയുടെ ഹാൾടിക്കറ്റുകൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. പരീക്ഷ നടത്തുന്നവർ നിരീക്ഷകരുമെല്ലാം അതത് സ്കൂളുകളിൽ എത്തിക്കഴിഞ്ഞു. പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും ഇന്ത്യയിൽനിന്ന് സ്കൂളുകളിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

