വിദ്യാർഥികൾ പരീക്ഷ ചൂടിലേക്ക്
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ രണ്ടാം ടേം പരീക്ഷയുടെ സമയ വിവര പട്ടിക പുറത്തിറക്കിയതോടെ വിദ്യാർഥികൾ പരീക്ഷ ചൂടിലേക്ക്. വിദ്യാർഥികൾക്കൊപ്പം പിന്തുണയുമായി രക്ഷിതാക്കളും എത്തിയതോടെ കുടുംബങ്ങളുടെ വിനോദ-ഉല്ലാസ യാത്രകൾ നിലച്ചു.
കോവിഡ് പ്രതിസന്ധി പരിഗണിച്ച് രണ്ട് ടേമുകളായാണ് ഈ വർഷം പരീക്ഷ. ഒന്നാം ടേം കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 11വരെയായിരുന്നു. രണ്ടാം ടേം ഏപ്രിൽ 26നാണ് ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീക്ഷ. പരീക്ഷകൾ നേരിട്ടായിരിക്കും നടക്കുക.
കോവിഡ് കാരണം കഴിഞ്ഞ വർഷം പൊതുപരീക്ഷയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. പ്രതികൂല സാഹചര്യം കാരണം പരീക്ഷ നടന്നിരുന്നില്ല. സ്കൂളുകൾ ശിപാർശ ചെയ്ത മൂല്യ നിർണയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം മാർക്ക് നൽകിയിരുന്നത്. പരീക്ഷകൾ നേരിട്ട് നടക്കുന്നതിനാൽ മാർഗ നിർദേശങ്ങളും സി.ബി.എസ്.ഇ പുറത്തിറക്കി. പരീക്ഷാർഥികൾക്ക് പരീക്ഷ ഹാളിലേക്ക് ഹാൻഡ് സാനിറ്റൈസറുകൾ സുതാര്യമായ കുപ്പികളിൽ കൊണ്ടുപോകാവുന്നതാണ്.
കുട്ടികൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരീക്ഷ സെന്ററുകൾ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണം. പരീക്ഷകളുടെ സമയ ദൈർഘ്യം ഹാൾ ടിക്കറ്റും സമയ വിവര പട്ടികയിലും വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ തുടങ്ങുമ്പോൾ ചോദ്യ പേപ്പറുകൾ വായിക്കാൻ 15 മിനിറ്റ് അനുവദിക്കും.
പരീക്ഷ സംബന്ധമായ മറ്റ് വിവരങ്ങളും സമയക്രമങ്ങളുമൊക്കെ മുൻകൂട്ടി നൽകിയത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അനുഗ്രഹമായി. പരീക്ഷക്കു ശേഷം 12ാം ക്ലാസിലെ ഭൂരിഭാഗം വിദ്യാർഥികളും നാട്ടിലേക്ക് ചേക്കേറാറാണ് പതിവ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരിഗണിച്ചാണിത്. നിരവധിപേർ നീറ്റ് അടക്കമുള്ള പരീക്ഷകൾക്കും തയാറെടുക്കുന്നുണ്ട്. ഇത്തരം വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും നാട്ടിലേക്ക് പോവുന്നുണ്ട്. പത്താം ക്ലാസിലെ നിരവധി വിദ്യാർഥികളും ഈ വർഷം നാട്ടിലേക്ക് മാറുന്നുണ്ട്. ഇത്തരം ആളുകൾക്ക് പരീക്ഷ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചതിനാൽ യാത്രക്കുള്ള ഒരുക്കങ്ങൾ നേരത്തെ നടത്താനാവും. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം പരീക്ഷ സംബന്ധമായ അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. പരീക്ഷ നടക്കുമെന്നോ, എപ്പോൾ നടക്കുമെന്നോ അറിയാതെ രക്ഷിതാക്കളും കുട്ടികളും ഏറെ കാത്തിരുന്നു. ഏറെ അവ്യക്തതകൾക്ക് ശേഷം അവസാനം പരീക്ഷകൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബോർഡ് എത്തിയത്. ഇത് കാരണം കുട്ടികളുടെ നാട്ടിൽ പോക്കും വിവിധ മത്സര പരീക്ഷകൾക്കുള്ള കോച്ചിങ്ങുകളിൽ പങ്കെടുക്കലും മുടങ്ങിയിരുന്നു.