സി.ബി.എസ്.ഇ പ്ലസ് ടു പുനർമൂല്യനിർണയം: അപേക്ഷാ തീയതി ജൂൺ ആറിന് അവസാനിക്കും
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പരിശോധനക്കുമായി അപേക്ഷിക്കാനുള്ള സമയപരിധി ജൂൺ ആറിന് അവസാനിക്കും. മാർക്കുകളിൽ കുറവോ അപാകതകളോ സംശയിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസാന അവസരം പ്രയോജനപ്പെടുത്താം. തുടർപഠനത്തിന് പ്ലസ് ടു മാർക്കുകൾ നിർണായകമായതിനാൽ, ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ ശനിയാഴ്ചക്കകം തന്നെ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിദ്യാർഥികൾക്ക് തങ്ങളുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പരിശോധിച്ച് പരാതികൾ സമർപ്പിക്കാനാണ് അവസരമുള്ളത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾ കാരണം രണ്ടോ മൂന്നോ പരീക്ഷകൾക്ക് മാത്രം നേരിട്ട് ഹാജരാകാൻ കഴിഞ്ഞ, ഒമാനടക്കമുള്ള ഗൾഫ് മേഖലയിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് പരിശോധനയും പുനർമൂല്യനിർണയ ഏറെ നിർണായകമാണ്. സി.ബി.എസ്.ഇ ബോർഡിന്റെ ‘ഓൺ-സ്ക്രീൻ മാർക്കിങ്’ മൂല്യനിർണയ രീതിക്കെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പുനർമൂല്യനിർണയ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതിനകം തങ്ങളുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസിന്റെ പകർപ്പ് കൈപ്പറ്റിയ വിദ്യാർഥികൾക്ക് മാത്രമേ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഒമാൻ പോലെയുള്ള വിദേശ രാജ്യങ്ങളിലെ സ്കൂളുകൾ അപേക്ഷകൾ അപ്‌ലോഡ് ചെയ്യുമ്പോൾ വിദ്യാർഥികളുടെ പാസ്‌പോർട്ട് വിവരങ്ങളോ റസിഡന്റ് ഐഡിയോ അല്ലെങ്കിൽ സ്കൂളിന്റെ ഔദ്യോഗിക ലോഗിൻ വിവരങ്ങളോ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. ഉത്തരക്കടലാസ് പരിശോധനയിലൂടെ സ്കാൻ ചെയ്ത കോപ്പികളിൽ പേജുകൾ നഷ്ടപ്പെടൽ, വ്യക്തമല്ലാത്ത പേജുകൾ, മാപ്പുകളോ ഗ്രാഫുകളോ വിട്ടുപോകൽ, ചോദ്യപേപ്പർ സെറ്റിലെ വ്യത്യാസം, മൂല്യനിർണയത്തിലെ അപാകതകൾ എന്നിവ വിദ്യാർഥികൾക്ക് ചൂണ്ടിക്കാണിക്കാം. ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, അപേക്ഷയിൽ ഒന്നിലധികം വിഷയങ്ങൾ ഉൾപ്പെടുത്താം. ഒരു ഉത്തരക്കടലാസ് പരിശോധിക്കുന്നതിന് 100 രൂപയാണ് ഫീസ്.
പുനർമൂല്യനിർണയത്തിനായി നിർദിഷ്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീണ്ടും വിലയിരുത്താൻ വിദ്യാർഥികൾക്ക് ആവശ്യപ്പെടാം. അപേക്ഷയിൽ ചോദ്യ നമ്പറും പേജ് നമ്പറും വ്യക്തമായി രേഖപ്പെടുത്തണം. ഓരോ ചോദ്യത്തിനും 25 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഫീസ് പൂർണമായും ഓൺലൈനായി മാത്രമേ അടക്കാൻ സാധിക്കൂ. അപേക്ഷകളിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. പുനർമൂല്യനിർണയത്തിന് ശേഷം ലഭിക്കുന്ന പുതിയ മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക. ഇത് പഴയ മാർക്കിന് പകരമായി ചേർക്കപ്പെടും.
പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടിയാൽ ഉയർന്ന മാർക്കും ഇനി ഏതെങ്കിലും സാഹചര്യത്തിൽ മാർക്ക് കുറഞ്ഞാൽ ആ കുറഞ്ഞ മാർക്കുമായിരിക്കും ഫൈനൽ സ്കോറായി രേഖപ്പെടുത്തുക. പഴയതും പുതിയതുമായ മാർക്കുകളിൽ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ടായിരിക്കില്ലെന്നും സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്ന് സി.ബി.എസ്.ഇ ബോർഡ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

